പാഠപുസ്തക വിവാദം! എൻ.സി.ഇ.ആർ.ടിയിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി
എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സുപ്രീം കോടതി സ്വീകരിച്ച കർശന നിലപാടിനെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ നെടുംതൂണായ കോടതികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നത് ഗൗരവകരമായ കുറ്റമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കേണ്ടതിന് പകരം അവയെ താഴ്ത്തിക്കെട്ടാനുള്ള നീക്കം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എൻ.സി.ഇ.ആർ.ടിയിൽ സമീപകാലത്ത് നടന്ന എല്ലാ പാഠപുസ്തക പരിഷ്കരണങ്ങളും വെട്ടിമാറ്റലുകളും ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചരിത്രത്തെയും ഭരണഘടനാ മൂല്യങ്ങളെയും വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഇത്തരം ഏകപക്ഷീയമായ നീക്കങ്ങളെ കേരളം നേരത്തെ തന്നെ എതിർത്തിട്ടുണ്ടെന്നും, എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പ്രധാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കും അത് അംഗീകരിച്ചവർക്കും എതിരെ കർശന നടപടി വേണമെന്നും മന്ത്രി പറഞ്ഞു. എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർ കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ രംഗത്ത് വർഗീയതയോ ഭരണഘടനാ വിരുദ്ധതയോ കടത്തിവിടാൻ അനുവദിക്കില്ലെന്നും, സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.