ഷുഐബ് അക്തറിന്റെ സഹോദരന്റെ മൃതസംസ്കാര ചടങ്ങിൽ  ഭീകരർ; വീഡിയോ പുറത്തുവന്നതോടെ വൻ വിവാദം

 
lashkar

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ താരം ഷുഐബ് അക്തറിന്റെ മൂത്ത സഹോദരന്‍ ഷാഹിദ് അക്തറിന്റെ മൃതസംസ്‌കാര ചടങ്ങില്‍ നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നേതാക്കളും അവരുടെ രാഷ്ട്രീയ വിഭാഗവും പങ്കെടുത്തത് വലിയ വിവാദത്തിന് തിരികൊളുത്തി.

 ഇസ്ലാമാബാദിലെ എച്ച്-8 ഖബര്‍സ്ഥാനില്‍ നടന്ന ജനാസ നമസ്‌കാരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

നിരോധിത ഭീകരസംഘടനയുടെ രാഷ്ട്രീയ മുഖമായി അറിയപ്പെടുന്ന പാകിസ്താന്‍ മര്‍ക്കസി മുസ്ലിം ലീഗ് ആണ് ഈ വീഡിയോ പുറത്തുവിട്ടത്.

പി.എം.എം.എല്‍ ഇസ്ലാമാബാദ് മേധാവി ഇനാം-ഉര്‍-റഹ്‌മാന്‍ കംബോഹ്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അബ്ദുള്ള ടൂര്‍, സോണല്‍ ജനറല്‍ സെക്രട്ടറി ഹാഫിസ് ഉമര്‍, ഖിദ്മത്ത് കമ്മിറ്റി ചെയര്‍മാന്‍ അംജദ് ഭട്ടി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരിയും ചടങ്ങില്‍ പങ്കെടുത്തതായി വീഡിയോ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഏറെ നാളായി തിരയുന്ന കുറ്റവാളിയാണ് കസൂരി. 2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.

ഈ ആക്രമണത്തിന് മറുപടിയായി മുരിദ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും പാകിസ്താനിലെ വിവിധ സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ തിരിച്ചടി നടത്തിയിരുന്നു. ഇതിന് ശേഷവും കടല്‍മാര്‍ഗ്ഗം ഇന്ത്യയില്‍ മറ്റൊരു 26/11 മാതൃകയിലുള്ള ആക്രമണം നടത്തുമെന്ന് കസൂരി ഭീഷണി മുഴക്കിയിരുന്നതായി ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും ഭീകരസംഘടനയായി പ്രഖ്യാപിച്ച ലഷ്‌കറിന്റെ നേതാക്കള്‍ പാകിസ്താനില്‍ പരസ്യമായി ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത്, ഭീകരവാദത്തിനെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുന്നു എന്ന ഇന്ത്യയുടെ വാദത്തെ ഒരിക്കല്‍ക്കൂടി ശരിവെക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

തന്റെ സഹോദരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വിവരം ഷുഐബ് അക്തര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ ഭീകരസംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags

Share this story

From Around the Web