ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം; ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റി. രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഭീകരാക്രമണം. രണ്ടുപേർ കൊല്ലപ്പെട്ടു. സിനഗോഗിന് മുന്നിലെ ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. ജൂത കലണ്ടറിലെ പുണ്യദിനത്തിലാണ് ആക്രമണം. മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലാണ് ആക്രമണമുണ്ടായത്. സിനഗോഗിന് പുറത്ത് നിന്നിരുന്ന മൂന്ന് പേരെ അക്രമി കുത്തിപരുക്കേൽപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്.
പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഡെന്മാർക്കിലേക്കുള്ള യാത്ര മാറ്റിവെച്ചു. ബ്രിട്ടീഷ് സമയം 9.30നാണ് സംഭവം. അക്രമി ശരീരത്തിൽ ബോംബ് കെട്ടിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ, താൻ ഞെട്ടിപ്പോയി എന്നും യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പറഞ്ഞു. “ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ഇത് സംഭവിച്ചത് എന്നത് അതിനെ കൂടുതൽ ഭയാനകമാക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.