പേടിച്ചുവിറച്ചുപോയി; മദ്യപിച്ച് അമിതവേഗത്തില്‍ സ്‌കൂട്ടറിലിടിച്ച് മൂന്നുപേര്‍ മരിച്ചു, പ്രതികള്‍ക്ക് കുരുക്കായി സുഹൃത്തിന്റെ ഓഡിയോ സന്ദേശം
 

 
SUHAIL


കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിനെതിരെ നിര്‍ണായക ശബ്ദരേഖ തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മൂന്നാം പ്രതിയും അപകടസമയത്ത് കാറിലുണ്ടായിരുന്ന വ്യക്തിയുമായ ജോയല്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് ഈ വിവരങ്ങള്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.

സുഹൈല്‍ മദ്യപിച്ച് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും വരുന്ന വഴിക്ക് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതോടെ ഭയന്ന ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ എത്തിയപ്പോള്‍ വിഷയം തന്റെ പിതാവ് പരിഹരിച്ചുകൊള്ളുമെന്നാണ് സുഹൈല്‍ പറഞ്ഞതെന്നും ശബ്ദരേഖയിലുണ്ട്. 

അപകടത്തിന് തൊട്ടുപിന്നാലെ സുഹൈല്‍ ആദ്യം വിളിച്ചത് സ്വന്തം പിതാവിനെയാണെന്നും പ്രതി സ്ഥിരമായി അമിതവേഗതയില്‍ വാഹനമോടിക്കുന്ന ആളാണെന്നും പോലീസ് കോടതിയില്‍ വിശദീകരിച്ചു.


അതേസമയം, എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കൃത്യമായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. കേസിന്റെ അന്വേഷണം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചാണെന്നും അഭിഭാഷകര്‍ ആരോപിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ വാദം തുടരുകയാണ്.

Tags

Share this story

From Around the Web