സിറിയയിലെ അലെപ്പോയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നു: കാരിത്താസ് ഇറ്റലി

 
CARITAS ITALY



തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ സിറിയയിലെ സാമൂഹ്യ, സുരക്ഷാ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി വരുന്നുവെന്നും, അലെപ്പോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ എസ്.ഡി.എഫ്. എന്ന കുര്‍ദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയന്‍ സായുധസേനയും  തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നും ഇറ്റലിയിലെ കാരിത്താസ് സംഘടന. 


ജനുവരി എട്ടാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സിറിയയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന എസ്.ഡി.എഫും സിറിയന്‍ സേനയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും സാധാരണ ജനമനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും കാരിത്താസ് സംഘടന അറിയിച്ചത്.

നിരവധി വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങളുടെ ഇരകളായിരുന്ന ഒരു ജനതയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതെന്ന് കാരിത്താസ് ഇറ്റലിയുടെ ഡയറക്ടര്‍ ഫാ. മാര്‍ക്കോ പന്യേല്ലോ പ്രസ്താവിച്ചു. 


പ്രദേശത്ത് ബുദ്ധിമുട്ടുന്ന ആളുകള്‍ക്കായി പ്രാദേശികസഭയുടെ സഹായത്തോടെ പുതപ്പുകളും മറ്റു വസ്ത്രങ്ങളും കുട്ടികള്‍ക്കായി പാല്‍പ്പൊടിയും ശുചിത്വസേവനസൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമങ്ങളുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് കാരിത്താസ് സംഘടന അറിയിച്ചു.

ആസാദ് ഭരണകൂടം 2024 ഡിസംബര്‍ 8-ന് തകര്‍ന്നതിന് ശേഷവും എസ്.ഡി.എഫ്. എന്ന കുര്‍ദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയന്‍ സായുധസേനയും തമ്മില്‍ സായുധസംഘര്‍ഷങ്ങള്‍ തുടര്‍ന്നിരുന്നവെങ്കിലും, പിന്നീട് എസ്.ഡി.എഫ്. സിറിയന്‍ സായുധസേനയോട് ചേരുമെന്ന കരാറിന്മേല്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 


ഇതിനിടെയാണ് ഇരുസേനകളും തമ്മില്‍ അലെപ്പോയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ പുനഃരാരംഭിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന്, എസ്.ഡി.എഫ് നിയന്ത്രിച്ചിരുന്ന ആഷാഫിയെ, ഷെയ്ക്ക് മഖ്സൗദ് പ്രദേശങ്ങള്‍ സൈനിക ആക്രമണ ലക്ഷ്യപ്രദേശങ്ങളാണെന്ന് പ്രഖ്യാപിച്ച സിറിയന്‍ സായുധ സേന അവിടെയുള്ള ആളുകളോട് ഒഴിഞ്ഞുമാറാന്‍ ആവശ്യപ്പെട്ടിരുന്നു.

അലെപ്പോയിലെ ഗവണ്മെന്റിന്റെ കണക്കുകള്‍ പ്രകാരം ഏതാണ്ട് ഒന്നര ലക്ഷത്തോളം ആളുകള്‍ നിലവില്‍ ആഷാഫിയെ ഷെയ്ക്ക് മഖ്സൗദ് പ്രദേശങ്ങളില്‍നിന്ന് നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. 


അലെപ്പോയിലുള്ള ചില ക്രൈസ്തവ ദേവാലയങ്ങളും കുടിയൊഴിയാന്‍ നിര്‍ബന്ധിതരായവര്‍ക്കുവേണ്ടി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ചില ആശുപത്രികളും യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളും മുപ്പതോളം ഗവണ്‍മെന്റ് കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 


പത്ത് പേരെങ്കിലും മരിച്ചതായും എണ്‍പത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താവിതരണവിഭാഗം ഉപമന്ത്രി ഒബാദ കോജന്‍ അറിയിച്ചു. 

Tags

Share this story

From Around the Web