പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂരില്‍ സുരക്ഷ സേനയും യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോര്‍ഡുകളും മറ്റും സോമി ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ നശിപ്പിക്കുകയും ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ചുരാചന്ദ്പൂരില്‍ നടന്നത്.
പ്രതിഷേധം തടഞ്ഞ സുരക്ഷാസേനയ്ക്കെതിരെ യുവാക്കള്‍ കല്ലേറ് നടത്തിയിരുന്നു ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. അതിനുശേഷം മേഖലയില്‍ ഏറ്റുമുട്ടലിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നരേന്ദ്രമോദി ചുരാചന്ദ്പൂരിലെയും ഇംഫാലിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം അസമിലേക്ക് മടങ്ങിപോയിരുന്നു.ഇപ്പോള്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.