ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് സിജെപി, ഡൽഹിയിൽ സംഘർഷാവസ്ഥ

 
cjp

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. മന്ത്രിയുടെ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കിയതോടെ സർക്കാരുമായുള്ള സമവായ ചർച്ചകൾ അനിശ്ചിതത്വത്തിലാണ്. ഡൽഹിയിൽ ഇന്നും പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

ധർമേന്ദ്ര പ്രധാനെതിരെയുള്ള രോഷം തെരുവിൽ പ്രകടമാക്കി ആയിരക്കണക്കിന് യുവാക്കളാണ് അർധരാത്രിയിലും ഡൽഹിയിൽ ഒത്തുകൂടിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കുന്നത് വരെ സമരം അവസാനിക്കില്ലെന്ന് കേന്ദ്രത്തിനയച്ച കത്തിൽ സോനം വാങ്ചുക് വ്യക്തമാക്കി. വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടപ്പോൾ, പ്രതിപക്ഷം ഏകപക്ഷീയമായി പെരുമാറുന്നതായി ജെ.പി. നഡ്ഡ തിരിച്ചടിച്ചു.

രണ്ടാം ഘട്ട ചർച്ചക്ക് കേന്ദ്രം വഴങ്ങിയെങ്കിലും ചർച്ച വേദിയിൽ സർക്കാർ അതൃപ്തി പ്രകടിപ്പിച്ചതോടെ ചർച്ച വഴിമുട്ടി. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും ഇൻ്റർനെറ്റിലും ഇന്നും നിയന്ത്രണങ്ങൾ തുടരാനാണ് നീക്കം. നീറ്റ് പരീക്ഷാ അട്ടിമറിയും വിദ്യാർഥികൾക്ക് നേരേയുണ്ടായ ലാത്തിച്ചാർജും അടളങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഇന്നും ശക്തമായി ഉയർത്തും. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആദ്യം, പിന്നീട് ചർച്ച എന്നതാണ് പ്രതിപക്ഷ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നോട്ടിസ് നൽകിയിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം, 50 എംപിമാർ ഒപ്പിട്ട സംയുക്ത അഭ്യർത്ഥന മാനിച്ച് സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. എന്നാൽ വാങ്ചുക്കിന്റെ പ്രശ്‌നപരിഹാര നിര്‍ദേശത്തോട് സിജെപിക്ക് വിയോജിപ്പുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ കേസോ മറ്റു നടപടികളോ എടുക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പുലഭിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്നുമാണ് വാങ്ചുക് നിലപാടെടുത്തത്. 

എന്നാല്‍, സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും വിദ്യാര്‍ഥികള്‍ നേരിട്ട ക്രൂരമായ അതിക്രമങ്ങളും പാഴായിപ്പോകാന്‍ അനുവദിക്കില്ലെന്നാണ് സിജെപിയുടെ നിലപാട്. ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു വ്യക്തമാക്കി.

Tags

Share this story

From Around the Web