ഓസ്‌ട്രേലിയയിലെ വാര്‍ഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് പതിനായിരകണക്കിന് വിശ്വാസികള്‍
സിഡ്‌നി: 2028-ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാന്‍ സിഡ്‌നി പൂര്‍ണ്ണ സജ്ജമാണെന്ന് വിളിച്ചോതി നഗരവീഥികളില്‍ വന്‍ വിശ്വാസപ്രവാഹം.
നവംബര്‍ 22 ഞായറാഴ്ച നടന്ന വാര്‍ഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ 30,000-ത്തിലധികം വിശ്വാസികളാണ് അണിനിരന്നത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് കത്തോലിക്കാ വിശ്വാസികള്‍ ഒത്തുചേര്‍ന്നതോടെ സിഡ്‌നി നഗരം ഭക്തിസാന്ദ്രമായി.
സാധാരണയായി ജൂണ്‍ മാസത്തിലെ തിരുശ്ശരീര-തിരുരക്ത തിരുനാളിലാണ് പ്രദക്ഷിണം നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആദ്യമായി ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലേക്ക് പ്രദക്ഷിണം മാറ്റുകയായിരുന്നു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമായിരുന്നു ഇത്തവണയുണ്ടായിരിന്നത്.
20,000 എന്ന റെക്കോര്‍ഡ് മറികടന്ന് ഏകദേശം 10,000 പേര്‍ അധികമായി ഇത്തവണ പങ്കെടുത്തു. ഉച്ചയ്ക്ക് 1:30-ന് മാര്‍ട്ടിന്‍ പ്ലേസില്‍ 'വാക്കിംഗ് വിത്ത് ക്രൈസ്റ്റ്' ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഫാ. റോബ് ഗാലിയയും ഗ്രിഗോറിയന്‍ ഗാനങ്ങളിലൂടെ സദസ്സിനെ ഭക്തിയിലാഴ്ത്തിയ 'ജൂബിലാത്തെ ദേവോ' ഗായകസംഘവും പരിപാടിക്ക് മാറ്റുകൂട്ടി.
2024-ല്‍ ഇക്വഡോറിലെ ക്വിറ്റോയില്‍ നടന്ന 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനമായതോടെ അന്നു പുതിയ വേദിയായി സിഡ്‌നി പ്രഖ്യാപിക്കുകയായിരിന്നു.
മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വര്‍ഷങ്ങള്‍ക്ക് ശേഷം 2028-ല്‍ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസെന്ന സവിശേഷത സമാഗതമാകുന്ന കോണ്‍ഗ്രസിനുണ്ട്. 1928-ല്‍ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്ന സ്ഥലമായിരുന്നു സിഡ്‌നി.