''പത്തുവര്‍ഷത്തെ തുടര്‍ഭരണം തിരിച്ചടിയായി'': സിപിഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം; തിരുത്തല്‍ മാര്‍ഗരേഖ പുതുക്കും
കോഴിക്കോട്: പത്തുവര്‍ഷത്തെ തുടര്‍ഭരണവും സര്‍ക്കാറിനെ മാത്രം ആശ്രയിച്ചുള്ള സംഘടനാ പ്രവര്‍ത്തനവും പാര്‍ട്ടിയെ വലിയ തിരിച്ചടിയിലേക്ക് നയിച്ചെന്ന പൊതുവികാരത്തോടെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം.
ഭരണത്തിന്റെ തണലില്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചതും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വര്‍ഗ ബഹുജന സംഘടനകള്‍ക്ക് സമരവിലക്ക് നേരിട്ടതുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
അതേസമയം, സംഘടനാ വീഴ്ചകളെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവെങ്കിലും യോഗത്തില്‍ പ്രതിനിധികളാരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടി മുന്നോട്ടുവെച്ച തിരുത്തല്‍ മാര്‍ഗരേഖ പുതുക്കാന്‍ രാത്രി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൂടുതല്‍ കര്‍ശനമായ തെറ്റ് തിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കുന്ന രേഖ രാവിലെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടും.
തുടര്‍ന്ന്, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പൊതുചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി പറയും. തെരഞ്ഞെടുപ്പ് തിരിച്ചടി പഠിച്ച് പാര്‍ട്ടിയെ തിരികെ കൈപിടിച്ചുയര്‍ത്താനുള്ള ആക്ഷന്‍ പ്ലാനോടെ, കോഴിക്കോട് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കും.