മാസം പതിനായിരം രൂപ ശമ്പളമുള്ളയാളുടെ അക്കൗണ്ടില്‍ വന്നത് പതിനായിരം കോടി, ബാങ്ക് അന്വേഷണം ആരംഭിച്ചു, അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചു

 
account


 

രാജസ്ഥാന്‍: തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയുന്ന ഒരാളുടെ അക്കൗണ്ടിലേക്ക് പെട്ടെന്നൊരു ദിവസം കോടികള്‍ വന്നാല്‍ എന്ത് സംഭവിക്കും ആരുടെ ആയാലും കണ്ണ് തള്ളിപോകില്ലേ! എന്നാല്‍, അത് യഥാര്‍ഥത്തില്‍ രാജസ്ഥാനില്‍ സംഭവിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ പ്രതിമാസം വെറും 10,000 രൂപ ശമ്പളം വാങ്ങുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി 10,000 കോടി രൂപ എത്തിയ വിവരം രാജ്യവ്യാപകമായി ഇപ്പോള്‍ ചര്‍ച്ചചെയ്യുകയാണ്. 


ദിനേശ് കതാരിയ എന്ന യുവാവ് പണം പിന്‍വലിക്കാന്‍ ബാങ്കിന്റെ എടിഎമ്മില്‍ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ടു ഞെട്ടിയത്. തന്റെ ചെലവെല്ലാം കിഴിച്ച് ബാക്കിയുണ്ടായിരുന്ന ചെറിയ തുക മാത്രം പ്രതീക്ഷിച്ചെത്തിയ ദിനേശ് കണ്ടത് പൂജ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. ദിനേശ് ഉടന്‍ തന്നെ തന്റെ തൊഴിലുടമയെ വിവരം അറിയിച്ചു. അങ്ങനെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തുകയും അവിടെ നിന്നും ബാങ്ക് അധികൃതരെ ബന്ധപ്പെടുകയുമായിരുന്നു. 


അതേസമയം, സാങ്കേതികമായി ഉണ്ടായ പിഴവോ അക്കൗണ്ട് നമ്പറുകളില്‍ സംഭവിച്ച തെറ്റോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടില്‍ കാണിക്കാന്‍ കാരണമായതെന്നാണ് ബാങ്കിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്തായാലും, വിവരം പുറത്തറിഞ്ഞതോടെ വിഷയത്തില്‍ ബാങ്ക് അന്വേഷണം ആരംഭിക്കുകയും അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web