മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പത്ത് പ്രധാന കാരണങ്ങള്‍

 
health

നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ജീവിതരീതിയെയും നിയന്ത്രിക്കുന്നതില്‍ മാനസികാരോഗ്യം പ്രധാന പങ്കുവഹിക്കുന്നു. ശാരീരിക ആരോഗ്യം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പത്ത് പ്രധാന കാരണങ്ങള്‍ പരിശോധിക്കാം.

1. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു


മാനസിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും ആളുകളില്‍ ദേഷ്യവും ഉള്‍വലിയലും ഉണ്ടാക്കാറുണ്ട്. ഇത് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തും. മികച്ച മാനസികാരോഗ്യം പരസ്പരവിശ്വാസവും സമാധാനപരമായ കുടുംബജീവിതവും സമ്മാനിക്കും.

2. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു

മനസ്സും ശരീരവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. കടുത്ത മാനസിക സമ്മര്‍ദം രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

3. വൈകാരിക സുസ്ഥിതി നല്‍കുന്നു

നിത്യജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി നേരിടാനും, നിരാശകളില്‍ നിന്ന് വേഗത്തില്‍ കരകയറാനും ആരോഗ്യകരമായ ഒരു മനസ്സിന് സാധിക്കും. കൃത്യമായ ഉറക്കവും നന്ദി പ്രകടിപ്പിക്കുന്ന ശീലവും വൈകാരിക ആരോഗ്യം വര്‍ധിപ്പിക്കും.

4. ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നു

വിഷാദവും കടുത്ത മാനസിക പ്രയാസങ്ങളും അനുഭവിക്കുന്നവര്‍ക്ക് കൃത്യമായ സമയത്ത് ചികിത്സയും പരിചരണവും നല്‍കിയാല്‍ അവരെ ആത്മഹത്യാ ചിന്തകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കും. അവബോധം വളര്‍ത്തുന്നത് ഇതിന് വളരെ പ്രധാനമാണ്.

5. കുറ്റകൃത്യങ്ങളില്‍ ഇരയാകാനുള്ള സാധ്യത കുറയ്ക്കുന്നു

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്നത് തെറ്റായ ധാരണയാണ്. യഥാര്‍ഥത്തില്‍ അവരാണ് സമൂഹത്തില്‍ പലപ്പോഴും ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നത്. അവരെ തിരിച്ചറിഞ്ഞ് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

6. ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക ഭദ്രതയും

വിഷാദവും ഉത്കണ്ഠയും ഒരാളുടെ ജോലി ചെയ്യാനുള്ള ശേഷിയെ ബാധിക്കും. മാനസികമായി ആരോഗ്യമുള്ള വ്യക്തിക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും സാധിക്കുന്നു.

7. കുട്ടികളുടെ സുരക്ഷിതമായ ഭാവി

മാതാപിതാക്കളുടെ മാനസികാരോഗ്യം കുട്ടികളുടെ വളര്‍ച്ചയെയും സ്വഭാവത്തെയും നേരിട്ട് സ്വാധീനിക്കുന്നു. സമാധാനപരമായ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ മികച്ച വ്യക്തിത്വത്തിന് ഉടമകളായിത്തീരും.

8. ഒറ്റപ്പെടല്‍ ഒഴിവാക്കുന്നു

മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ സ്വയം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാന്‍ ശ്രമിക്കാറുണ്ട്. ഇത് അവസ്ഥ കൂടുതല്‍ വഷളാക്കും. കൃത്യമായ പിന്തുണ നല്‍കുന്നത് വഴി ഇവരെ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാം.

9. ജീവിത നിലവാരം ഉയര്‍ത്തുന്നു

ജീവിതത്തോട് താല്പര്യവും പ്രതീക്ഷയും നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഒരു മനസ്സ് അത്യാവശ്യമാണ്. മാനസികാരോഗ്യം തകരുമ്പോള്‍ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങള്‍ പോലും ആസ്വദിക്കാന്‍ കഴിയാതെ വരുന്നു.

10. സാമൂഹിക മാറ്റവും കൂട്ടായ്മയും

മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിലെ തെറ്റായ ധാരണകളും മാറ്റിനിര്‍ത്തലുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പരസ്പരം സഹായിക്കുന്ന ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കും.

ശാരീരിക അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമാണ് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ഒരു മനോരോഗ വിദഗ്ദ്ധന്റെയോ കൗണ്‍സിലറുടെയോ സഹായം തേടുന്നത്. മാനസികാരോഗ്യം ഉറപ്പാക്കൂ സന്തോഷകരമായ ജീവിതം നയിക്കൂ.

Tags

Share this story

From Around the Web