എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കും. നിയമത്തില്‍ ഒപ്പുവെച്ച് ടെക്‌സാസ് ഗവര്‍ണര്‍

​​​​​​​

 
texas


ടെക്‌സാസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിന്റെ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. 

സംസ്ഥാനത്തെ പബ്ലിക് എലിമെന്ററി അല്ലെങ്കില്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാസ് മുറികളില്‍ 'ഈടുനില്‍ക്കുന്ന ഒരു പോസ്റ്റര്‍ അല്ലെങ്കില്‍ പത്ത് കല്‍പ്പനകളുടെ ഫ്രെയിം ചെയ്ത പകര്‍പ്പ്' തൂക്കിയിടണമെന്ന് നിയമനിര്‍മ്മാണം ആവശ്യപ്പെടുന്നു. ജൂണ്‍ 21ന് ഗവര്‍ണ്ണര്‍ ഒപ്പിട്ട നിയമപ്രകാരം, കല്‍പ്പനകളുടെ പ്രദര്‍ശനത്തില്‍ മറ്റ് ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

ഓരോ പകര്‍പ്പും കുറഞ്ഞത് 16 ഇഞ്ച് വീതിയും 20 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം, ക്ലാസ് മുറിയില്‍ എവിടെ നിന്നും ശരാശരി കാഴ്ചയുള്ള ഒരാള്‍ക്ക് വായിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ടെക്‌സസ് സെനറ്റര്‍ ഫില്‍ കിംഗ് അവതരിപ്പിച്ച ബില്‍, കഴിഞ്ഞ മാര്‍ച്ച് 19നാണ് സെനറ്റില്‍ പാസ്സാക്കിയത്. 

പിന്നീട് കാന്‍ഡി നോബിള്‍ ഇത് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. മെയ് 25ന് 82-46 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. 'നിന്റെ ദൈവമായ കര്‍ത്താവ് ഞാന്‍ ആകുന്നു' എന്ന ഒന്നാം പ്രമാണം മുതല്‍ എല്ലാ സ്‌കൂളുകളും ഉപയോഗിക്കേണ്ട പത്ത് കല്‍പ്പനകളുടെ പദപ്രയോഗങ്ങള്‍ അധികൃതര്‍ കൃത്യമായി നിര്‍വച്ചിട്ടുണ്ട്.


സീനായ് മലമുകളില്‍വെച്ച് ദൈവം മോശയ്ക്ക് നല്‍കിയ കല്‍പ്പനകള്‍ ക്രൈസ്തവരെ കൂടാതെ യഹൂദരും, ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നിരവധി വിഭാഗങ്ങള്‍ ധാര്‍മ്മിക അടിത്തറയായി ഉപയോഗിക്കുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ 1ന് ടെക്‌സാസില്‍ ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും.

 89-ാമത് നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ട അറുനൂറിലധികം ബില്ലുകളില്‍ ഒന്നാണ് ബില്‍ 10. 'വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ദൈനംദിന, സ്വമേധയാ ഉള്ള പ്രാര്‍ത്ഥനയിലും വിശുദ്ധ ഗ്രന്ഥ വായനയിലും പങ്കെടുക്കാന്‍ അനുവദിക്കുന്ന നയം സ്വീകരിക്കാന്‍ സ്‌കൂളുകളെ അനുവദിക്കുന്ന മറ്റൊരു ബില്ലിലും അദ്ദേഹം ഒപ്പുവച്ചിരിന്നു.

 ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയില്‍ ക്രിസ്തീയതയ്ക്കു വലിയ രീതിയില്‍ മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമാണ് ടെക്‌സാസ്.

Tags

Share this story

From Around the Web