ടെലഗ്രാം പുതിയ ഡാർക്ക് വെബായി മാറി. കുറ്റവാളികളും തട്ടിപ്പുകാരും ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നു. ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ടെലഗ്രാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ. ടെലഗ്രാം പുതിയ ഡാർക്ക് വെബായി മാറിയെന്നും കുറ്റവാളികളും തട്ടിപ്പുകാരും ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
പ്ലാറ്റ്ഫോമിലെ ചില ചാനലുകൾക്കും ഉള്ളടക്കങ്ങൾക്കുമെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്ത് ടെലഗ്രാം നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തീവ്രവാദികൾ, സൈബർ തട്ടിപ്പുകാർ തുടങ്ങിയവരാണ് ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇത്തരം തട്ടിപ്പുകാർ ടെലഗ്രാമിനെ വ്യാപകമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സൈബർ കുറ്റകകൃത്യങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ആപ്പായി ടെലഗ്രാം മാറി.
മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ തുടങ്ങി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ടെലഗ്രാം വഴി തട്ടിപ്പുകാർ കൈക്കലാക്കിക്കൊണ്ട് പണം തട്ടുന്നു. ഇത്തരം തട്ടിപ്പുകൾ രാജ്യ സുരക്ഷയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
പകർപ്പവകാശമുള്ള സിനിമകളും വെബ് സീരീസുകളും വിതരണം ചെയ്യുന്നതിനുള്ള പ്രധാന ഉറവിടമായും ഈ ആപ്പ് പലരും ഉപയോഗിച്ചുവരുന്നുണ്ട്. ഇതുവഴി നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
സൈബർ കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം കൈമാറാനായി 'മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ' വിൽക്കുന്നതിനും വാങ്ങുന്നതിനും ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുണ്ട്.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ടെലഗ്രം വഴി ലഭിക്കുന്ന തട്ടിപ്പ് പരാതികൾ ഓരോ ദിവസവും വർധിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.