നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു; എന്തുകൊണ്ട് വാട്സാപ്പിനെ ഒഴിവാക്കിയിട്ടില്ല?
ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ശുപാര്‍ശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ടെലിഗ്രാം ആപ്പ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. വ്യാജ ചോദ്യപേപ്പറുകള്‍ വില്‍ക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും തട്ടിപ്പുകാര്‍ ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
എന്നാല്‍, സമാനമായ ഫീച്ചറുകളുള്ള വാട്സാപ്പിനെ ഈ നിരോധനം ബാധിച്ചിട്ടില്ല. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളാണുള്ളത്. അതില്‍ പ്രധാനം ടെലിഗ്രാമില്‍ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കാനുള്ള സൗകര്യമാണ്. ടെലിഗ്രാമില്‍ സ്വന്തം ഫോണ്‍ നമ്പര്‍ മറ്റുള്ളവരില്‍ നിന്ന് പൂര്‍ണ്ണമായി മറച്ചുവെച്ച് വെറും 'യൂസര്‍നെയിം' മാത്രം ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കാം. ഇങ്ങനെ വ്യക്തിത്വം വെളിപ്പെടുത്താതെ ലക്ഷക്കണക്കിന് ആളുകളുള്ള വലിയ ചാനലുകള്‍ നടത്താന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു.
ഇത് കാരണം തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ വാട്സാപ്പില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. മറ്റൊരു കാരണം വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യമാണ്. ടെലിഗ്രാമില്‍ 2 ജി ബി വരെയുള്ള വലിയ ഫയലുകള്‍ യാതൊരു ഗുണനിലവാരവും കുറയാതെ അയക്കാന്‍ സാധിക്കും. വ്യാജ ചോദ്യപേപ്പറുകളുടെ വലിയ പിഡിഎഫ് ഫയലുകള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നു.
മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് നിരോധനത്തിലേക്ക് നയിച്ച മറ്റൊരു കാരണം. പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് പകരം പുതിയ പിജിഎഫ് ഫയലുകള്‍ ചേര്‍ക്കാനും, എന്നാല്‍ അത് അയച്ച സമയം പഴയത് തന്നെയായി നിലനിര്‍ത്താനും ടെലിഗ്രാമില്‍ സാധിക്കും.
ചോദ്യപേപ്പര്‍ നേരത്തെ തന്നെ ചോര്‍ന്നു എന്ന് വ്യാജമായി തെളിയിക്കാന്‍ തട്ടിപ്പുകാര്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് ടെ്സ്റ്റിങ് ഏജന്‍സി ആരോപിക്കുന്നത്. ഈ ദുരുപയോഗം തടയാന്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ ടെലിഗ്രാമിന്റെ എഡിറ്റിംഗ് ഫീച്ചറും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. വാട്സാപ്പില്‍ മെസ്സേജ് എഡിറ്റ് ചെയ്യാന്‍ നിശ്ചിത സമയം മാത്രമേ ലഭിക്കൂ, അതില്‍ ഫയലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല.
രാജ്യത്തെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ വ്യത്യാസങ്ങളും ടെലിഗ്രാമിന്റെ നിരോധനത്തിലേക്ക് നയിക്കുകയായിരുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, എക്സ് (ത) തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് പെട്ടെന്ന് പ്രതികരിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യാറുണ്ട്.
കൂടാതെ പബ്ലിക് ഗ്രൂപ്പുകളിലെ തട്ടിപ്പുകള്‍ കണ്ടെത്താന്‍ വാട്സാപ്പ് വലിയ തോതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ടെലിഗ്രാമിന് ഇന്ത്യയില്‍ കൃത്യമായ ഒരു ഓഫീസ് പോലുമില്ല.
സര്‍ക്കാരുകളുമായി സഹകരിക്കാന്‍ താല്പര്യപ്പെടാത്ത രീതിയിലാണ് ടെലിഗ്രാമിന്റെ ഘടന. വന്‍കിട ടെക് ഭീമന്മാരില്‍ നിന്ന് വ്യത്യസ്തമായി, സര്‍ക്കാരുകളുമായി സഹകരിക്കാത്ത ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച പവല്‍ ദുര്‍വ് ആണ് ടെലിഗ്രാം സൃഷ്ടിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആരോപിക്കപ്പെടുന്നവര്‍ മറ്റ് പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് ഈ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാന്‍ ഇത് കാരണമായിട്ടുണ്ട്.
ഗ്രൂപ്പുകളെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ടെലിഗ്രാമില്‍ കുറവാണ്. വ്യക്തിത്വം മറച്ചുവെച്ച് കൂടുതല്‍ ആളുകളിലേക്ക് വലിയ ഫയലുകള്‍ എത്തിക്കാനുള്ള ടെലിഗ്രാമിന്റെ പ്രത്യേകതകളാണ് തട്ടിപ്പുകാര്‍ക്ക് ഇത് പ്രിയപ്പെട്ടതാക്കി മാറ്റിയത്. അതുകൊണ്ടാണ് വാട്സാപ്പിനെ ഒഴിവാക്കി ടെലിഗ്രാമിന് മാത്രം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.