സാങ്കേതികവിദ്യ നല്ലതെങ്കിലും അത് നമ്മെ അടിമകളാക്കരുത്: മൊബൈല്‍ ഫോണ്‍ അടിമത്തത്തിനെതിരെ ലെയോ പാപ്പ
റോം: കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍ അടിമത്തത്തിനെതിരെ സന്ദേശവുമായി ലെയോ പാപ്പ. ഭക്ഷണസമയത്തും കുടുംബാംഗങ്ങള്‍ ഒത്തുചേരുമ്പോഴും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് പരസ്പരം സംസാരിക്കാന്‍ ശീലിക്കണമെന്നും കുട്ടികളോട് പാപ്പയുടെ ആഹ്വാനം.
വത്തിക്കാനില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പായ 'എസ്താത്തെ റഗാത്സി' സന്ദര്‍ശിച്ച് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരിന്നു പാപ്പ. ആധുനിക കാലത്തെ ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികളെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി പാപ്പ ഹൃദ്യമായി സംവദിച്ചു.
ബന്ധങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ സംസാരിച്ചത്. ഡിജിറ്റല്‍ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, 'നമ്മള്‍ മനുഷ്യരാണ്, അല്ലാതെ ടെക്‌നോ-റോബോട്ടുകളല്ല,' എന്ന് ആമുഖമായി പറഞ്ഞ പാപ്പ, സാങ്കേതികവിദ്യ നല്ലതാണെങ്കിലും അത് നമ്മെ അടിമകളാക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഭക്ഷണസമയത്തും കുടുംബാംഗങ്ങള്‍ ഒത്തുചേരുമ്പോഴും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് പരസ്പരം സംസാരിക്കാന്‍ ശീലിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ദൈവം നമ്മുടെ സ്‌ക്രീനുകളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നതെന്ന് പാപ്പ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
'80 ദിവസത്തിനുള്ളില്‍ ലോകം ചുറ്റാം' എന്ന ഈ വര്‍ഷത്തെ ക്യാമ്പ് പ്രമേയത്തെക്കുറിച്ച് മിഷേല എന്ന കുട്ടി ചോദിച്ചപ്പോള്‍, തന്റെ യാത്രാനുഭവങ്ങളില്‍ നിന്നുള്ള പാഠം പാപ്പ പങ്കുവെച്ചു. പലപ്പോഴും ജിപിഎസ് തെറ്റായ വഴിയിലൂടെ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും വഴിയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നമുക്ക് മൊബൈല്‍ ഫോണിന്റെ ആവശ്യമില്ല. ദൈവം നമുക്ക് നല്‍കിയ വലിയ കഴിവാണ് ചിന്തിക്കാനുള്ള ശേഷി. അതിനാല്‍ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാന്‍ പഠിക്കണമെന്നും പാപ്പ പറഞ്ഞു