അധ്യാപകര്‍ ഇനി ഒന്നിലധികം ഭാഷകള്‍ പഠിപ്പിക്കണം; പുതിയ മാതൃകയുമായി എന്‍സിഇആര്‍ടി, സ്കൂളുകളില്‍ അവസരങ്ങള്‍ കൂടും
ഒരു ഭാഷ പഠിപ്പിക്കാന്‍ ഒരു അധ്യാപകന് എന്ന രീതിക്ക് മാറ്റം വരുത്താനൊരുങ്ങി ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയായ എന്‍സിഇആര്‍ടി. ഇനി ഒന്നിലധികം ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഡീംഡ് സര്‍വകലാശാല പദവി ലഭിച്ചതിന് ശേഷമുള്ള അക്കാദമിക മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഭാഷാ അധ്യാപകര്‍ സാധാരണയായി ഒരു ഭാഷ പഠിപ്പിക്കുന്നതിനുള്ള പരിശീലനമാണ് നേടുന്നത്. എന്നാല്‍ പുതിയ മാതൃകയില്‍ എന്‍സിഇആര്‍ടിക്ക് കീഴിലെ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളില്‍ ചേരുന്നവര്‍ക്ക് രണ്ടോ അതിലധികമോ ഭാഷകള്‍ പഠിപ്പിക്കാനുള്ള കഴിവ് നല്‍കാനാണ് ആലോചന.
ഭാഷകള്‍ സംസാരിക്കാന്‍ അറിയുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ പദ്ധതിയുടെ ലക്ഷ്യം. ഓരോ ഭാഷയിലും ക്ലാസെടുക്കാനുള്ള അധ്യാപന വൈദഗ്ധ്യം, വ്യാകരണത്തിലുള്ള അറിവ്, സാഹിത്യത്തെക്കുറിച്ചുള്ള വ്യക്തത എന്നിവയ്ക്കും പ്രാധാന്യം നല്‍കും. എത്ര ഭാഷകളില്‍ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ പഠനത്തിന് തിരഞ്ഞെടുക്കാനുള്ള അവസരം നല്കാന് ആഗ്രഹിക്കുന്ന സ്കൂളുകള്‍ക്ക് അധ്യാപകരുടെ കുറവ് വലിയ വെല്ലുവിളിയാണ്. വിദ്യാര്‍ഥികളുടെ എണ്ണം കുറവുള്ളിടത്ത് ഓരോ ഭാഷയ്ക്കും പ്രത്യേകം അധ്യാപകരെ നിയമിക്കുന്നത് പ്രായോഗികമല്ല. ഒരേ അധ്യാപകന് ഒന്നിലധികം ഭാഷകള്‍ പഠിപ്പിക്കാന്‍ കഴിയുന്നത് ഈ പ്രശ്നത്തിന് പരിഹാരമായേക്കും.
ദേശീയ വിദ്യാഭ്യാസ നയം 2020 ബഹുഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും അതിനാവശ്യമായ പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവ് നടപ്പാക്കലിന് തടസ്സമാകുന്നുണ്ട്. ഈ വിടവ് നികത്തുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ മേഖലകളില്‍ അവസരങ്ങളുണ്ടാകും. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്കൂള്‍ അധ്യാപകരാകാനും ഗവേഷണതലത്തിലേക്ക് മുന്നേറുന്നവര്‍ക്ക് അധ്യാപക പരിശീലകരായും ഗവേഷകരായും പ്രവര്‍ത്തിക്കാനും അവസരമുണ്ടാകും.
കഴിഞ്ഞ മാര്‍ച്ച് 30നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഇആര്‍ടിക്ക് ഡീംഡ് സര്‍വകലാശാല പദവി പ്രഖ്യാപിച്ചത്. ഈ പദവി ലഭിച്ചതോടെ സ്വന്തമായി കോഴ്സുകള്‍ രൂപകല്പന ചെയ്യാനും ബിരുദങ്ങള്‍ നല്‍കാനും സ്ഥാപനത്തിന് അധികാരം ലഭിച്ചു. ഇതിലൂടെ ബഹുഭാഷാ അധ്യാപനത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും കൂടുതല്‍ പ്രായോഗികമായ പരിശീലനരീതികള്‍ കൊണ്ടുവരാനും എന്‍സിഇആര്‍ടിക്ക് അവസരമൊരുങ്ങി. ഭാഷാപഠനത്തെ പാഠപുസ്തകങ്ങളിലെ ആശയത്തില്‍നിന്ന് ക്ലാസ് മുറികളില്‍ നടപ്പാക്കാവുന്ന രീതിയിലേക്ക് മാറ്റുന്നതിനൊപ്പം, കൂടുതല്‍ ഭാഷകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുന്നതിലും പുതിയ പദ്ധതി നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.