വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച് അധ്യാപകന്റെ ക്രൂരത; ഇടത് കണ്ണില്‍ രക്തം കട്ടപിടിച്ചു, അധ്യാപകനെതിരെ കേസ്

 
police

മൈസൂരു:കര്‍ണാടകയിലെ മൈസൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 16 വയസ്സുകാരന്‍ റെഹാന്‍ ഷെരീഫിനാണ് അധ്യാപകനായ സുരേഷില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.


 ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ കൈ ചുഴറ്റി വിദ്യാര്‍ത്ഥിയുടെ മുഖത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ കുട്ടിയുടെ ഇടത് കണ്ണില്‍ രക്തം കട്ടപിടിക്കുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ സ്‌കൂളില്‍ നടന്ന ക്രൂരകൃത്യം പുറത്തുപറഞ്ഞാല്‍ ടി.സി നല്‍കി സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന്, കുട്ടിയുടെ പിതാവ് വസീം ഷെരീഫ് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു.


പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂരു പൊലീസ് അധ്യാപകനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരനായ അധ്യാപകനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags

Share this story

From Around the Web