മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ അധ്യാപകന്‍ മരിച്ചു,സുഹൃത്തിന് ഗുരുതര പരിക്ക്
മലപ്പുറം: മദ്യലഹരിയില്‍ വന്ന കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ അധ്യാപകന്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ഒതുക്കുങ്ങല്‍ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീന്‍ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഹബീബിനും ഗുരുതരമായി പരിക്കേറ്റു.
മദ്യലഹരിയില്‍ ആയിരുന്ന കാര്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീന്‍ രാത്രി പന്ത്രണ്ടോടെ മരിച്ചു.
സ്വകാര്യ സ്‌കൂളില്‍ താല്‍കാലിക അധ്യാപകനാണ് ഷറഫുദ്ദീന്‍. മദ്യപിച്ച് വാഹനം ഓടിച്ച കാര്‍ ഡ്രൈവര്‍ മലപ്പുറം പറപ്പൂര്‍ സ്വദേശി അകബര്‍ അലി (36)യെ വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.