ലക്ഷ്യം വിദേശ വിനോദസഞ്ചാരികള്‍; കൊച്ചിയില്‍ വ്യാജ ടൂര്‍ പാക്കേജുകളുടെ പേരില്‍ തട്ടിപ്പ്, പലര്‍ക്കും 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ നഷ്ടം
കൊച്ചി: വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കൊച്ചിയില്‍ വ്യാജ ടൂര്‍ പാക്കേജുകളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി.
വിമാനത്താവളത്തിലെത്തുന്ന വിദേശ സഞ്ചാരികളെ സമീപിച്ച് യാത്ര, താമസം, ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്ന ടൂര്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി. പലര്‍ക്കും 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ നഷ്ടമായതായാണ് വിവരം.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും നേരിട്ടുമാണ് തട്ടിപ്പുകാര്‍ വിദേശ സഞ്ചാരികളെ ബന്ധപ്പെടുന്നതെന്നാണ് ആരോപണം. പണം കൈപ്പറ്റിയ ശേഷം ഗൈഡുകളെയോ ഡ്രൈവര്‍മാരെയോ ഏല്‍പ്പിച്ച് തട്ടിപ്പുകാര്‍ കടന്നുകളയുന്നതാണ് പതിവെന്നും പരാതിയുണ്ട്.
പിന്നീട് സഞ്ചാരികള്‍ താമസസ്ഥലത്ത് എത്തുമ്പോഴാണ് ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ ബുക്കിങ് നടത്തിയിട്ടില്ലെന്ന് മനസിലാകുന്നത്.
തട്ടിപ്പ് സംഘങ്ങള്‍ പണം വിദേശ കറന്‍സിയായി കൈപ്പറ്റുന്നതായും പരാതിയുണ്ട്. ഇടപാടുകളുടെ കൃത്യമായ തെളിവുകള്‍ ലഭിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തില്‍ പണം സ്വീകരിക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ഒമാനില്‍നിന്ന് കൊച്ചിയിലെത്തിയ യുവാവും ഗര്‍ഭിണിയായ ഭാര്യയും സമാനമായ തട്ടിപ്പിനിരയായതായി പരാതിയുണ്ട്. ഇന്‍സ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ഏജന്റ് 63,000 രൂപയിലധികം മൂല്യമുള്ള ഒമാനി റിയാല്‍ കൈപ്പറ്റിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കടന്നുകളഞ്ഞെന്നാണ് പരാതി.
വിദേശ സഞ്ചാരികളുടെ പരാതികളില്‍ കൃത്യമായ നടപടി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സമയം കണ്ടെത്താനാകാതെ വിദേശികള്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്നും ആരോപണമുണ്ട്.കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇത്തരം പരാതികളില്‍ അടിയന്ത