വത്തിക്കാനില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിച്ച ടാന്‍സാനിയന്‍ കര്‍ദ്ദിനാള്‍ പോളികാര്‍പോ ദിവംഗതനായി
ഡാര്‍-എസ്-സലാം: ടാന്‍സാനിയയിലെ ഡാര്‍-എസ്-സലാമിലെ മുന്‍ ആര്‍ച്ച് ബിഷപ്പും വത്തിക്കാനിലെ നിര്‍ണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കര്‍ദ്ദിനാള്‍ പോളികാര്‍പോ പെങ്കോ വിടവാങ്ങി.
81 വയസ്സായിരിന്നു. മൃതസംസ്‌കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാര്‍ എസ് സലാമിലെ പുഗു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. ലെയോ പതിനാലാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ആഫ്രിക്കയിലെ സഭയെയും പരിശുദ്ധ സിംഹാസനത്തെയും സേവിച്ച ജ്ഞാനിയും ദയയുള്ള ഇടയനുമെന്നാണ് പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
1944 ഓഗസ്റ്റ് 5ന് ടാന്‍സാനിയയിലെ സുംബവാംഗ രൂപതയിലെ മ്വാസിയിലാണ് ജനനം. 1971 ജൂണ്‍ 20ന് വൈദികനായി അഭിഷിക്തനായി. രണ്ട് വര്‍ഷം ബിഷപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
1984 ജനുവരി 6ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു.
1986-ല്‍ തുണ്ടുരു-മസാസി എന്ന രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1990-ല്‍, ദാര്‍-എസ്-സലാമിന്റെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച് ബിഷപ്പായി നിയമിതനായി.
1992 ജൂലൈയില്‍ അദ്ദേഹം ഈ പദവി പൂര്‍ണ്ണമായും ഏറ്റെടുത്തു. 1998 ഫെബ്രുവരിയില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടു.
2012-ല്‍, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയുടെ അന്താരാഷ്ട്ര ഗവേഷണ, ഇന്റര്‍ ഡിസിപ്ലിനറി പഠന വിഭാഗത്തില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനത്തിന്റെ സംഘടനാപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുവാന്‍ രൂപീകരിച്ച കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സിലില്‍ അദ്ദേഹം അംഗമായിരുന്നു.
ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള തിരുസംഘത്തിലും വിശ്വാസ തിരുസംഘത്തിലും മതാന്തര സംവാദത്തിനുവേണ്ടിയും സംസ്‌കാരത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ആഫ്രിക്കയ്ക്കായുള്ള പ്രത്യേക കൗണ്‍സില്‍, ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ്, കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ കമ്മിറ്റി എന്നിവയിലും അദ്ദേഹം സേവനം ചെയ്തു.
2005-ല്‍ ബെനഡിക്ട് പതിനാറാമനെയും 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെയും തിരഞ്ഞെടുത്ത കോണ്‍ക്ലേവുകളില്‍ അദ്ദേഹം പങ്കെടുത്തിരിന്നു.