വത്തിക്കാനിലെ ബ്രിട്ടന്റെപുതിയ സ്ഥാനപതിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജര്‍.ടാമി സന്ധു ചുമതലയേറ്റു

 
TAMY

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ബ്രിട്ടന്റെ പുതിയ സ്ഥാനപതിയായി ടാമി സന്ധു ചുമതലയേറ്റു. വത്തിക്കാന്‍ അപ്പോസ്തോലിക കൊട്ടാരത്തില്‍ ലിയോ 14-ാമന്‍ മാര്‍പാപ്പയ്ക്ക് ടാമി ഔദ്യോഗിക രേഖകള്‍ കൈമാറി.

  മുന്‍ അംബാസിഡര്‍ ക്രിസ് ട്രോട്ട് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ടാമി സന്ധു ഈ ചുമതലയേല്‍ക്കുന്നത്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് ടാമി സന്ധുവിന്റെ മാതാപിതാക്കള്‍.

വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡറായുള്ള നിയമനം തനിക്ക് അളവറ്റ സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് ടാമി പറഞ്ഞു.  പഞ്ചാബില്‍ നിന്ന് യുകെയിലെ ലെസ്റ്ററിലേക്ക് കുടിയേറിയ കുടുംബത്തില്‍ ജനിച്ച ടാമി സന്ധുവിന് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയത്തില്‍  20 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. മൊറോക്കോ, ബ്രസല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ മികച്ച നയതന്ത്ര സേവനത്തിന് ശേഷമാണ്  ടാമി സന്ധു വത്തിക്കാനിലേക്ക് എത്തുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് വത്തിക്കാന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ അംബാസിഡറുടെ നിയമനം. 500 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് ഭരണാധികാരിയും കത്തോലിക്കാ സഭാ തലവനും സിസ്റ്റൈന്‍ ചാപ്പലില്‍ ഒന്നിച്ച് പ്രാര്‍ത്ഥന നടത്തിയത് ആംഗ്ലിക്കന്‍-കത്തോലിക്കാ സഭകള്‍ തമ്മിലുള്ള ബന്ധത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ഈ ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കുക എന്നതായിരിക്കും പുതിയ അംബാസിഡറുടെ പ്രധാന ദൗത്യം. ഭാവിയില്‍ മാര്‍പാപ്പ ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Tags

Share this story

From Around the Web