തമിഴ്‌നാട്ടിലെ റേഷന്‍ മുണ്ട് പമ്പയില്‍ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീര്‍ത്ഥാടകര്‍
പത്തനംതിട്ട: തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടി. അഴിമതിയെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ആരോപണം.
പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ മുണ്ടുകള്‍ റേഷന്‍ കടകളില്‍ നിന്ന് മറിച്ചു വിറ്റെന്നാണ് സംശയം. പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ മുദ്രയുള്ള ഇരുമുടികള്‍ കിട്ടിയത്.
തമിഴ്‌നാട്ടില്‍ പൊങ്കലിന് നിര്‍ദരരായവര്‍ക്കായി റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന മുണ്ടുകളാണിത്. 2025 ലെ പൊങ്കലിനായി നല്‍കിയ മുണ്ടുകളാണ് പമ്പയിലെ കെട്ടുനിറ കേന്ദ്രത്തില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അല്ലെങ്കില്‍ കെട്ട് നിറച്ച് സന്നിധാനത്ത് എത്താത്തവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യമാണിത്. പമ്പയിലെ കേന്ദ്രം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണെങ്കിലും ഇവിടെ കരാറുകാരാണ് ഇരുമുടിക്കെട്ട് നിറച്ചുകൊടുക്കുന്നത്.
300 രൂപയാണ് ഒരു ഇരുമുടിക്കെട്ടിന് ഈടാക്കുന്നത്. സംഭവത്തില്‍ ഇതുവരെയും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ഉണ്ടായിട്ടില്ല.