മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നു; പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തി യുവാവ്, പിന്നാലെ ആത്മഹത്യാശ്രമം

 
crime


 
ഗുവാഹത്തി: യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. അസമിലെ കാംരൂപ് റൂറല്‍ ജില്ലയില്‍ രംഗിയ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം. 23കാരിയായ മലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

ഉദാല്‍ഗുരി സ്വദേശിയായ അഭിജിത് കിന്‍ഡോയാണ് അറസ്റ്റിലായത്. യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.

ചെന്നൈയില്‍ നിന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മലിനി കഴിഞ്ഞ ദിവസം രാത്രി രംഗിയയിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ കിന്‍ഡോയും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും രംഗിയയിലെ ഒരേ ഹോട്ടലില്‍ താമസിച്ചു.

മലിനിയുടെ സുഹൃത്തുക്കളുടെ മൊഴിപ്രകാരം കിന്‍ഡോ ഹോട്ടലില്‍ തനിക്കായി പ്രത്യേക മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാത്രി വൈകി മലിനി താമസിച്ചിരുന്ന മുറിയിലെത്തുകയും അവിടെ തുടരുകയും ചെയ്തതായി പൊലീസ് പറഞ്ഞു.


രാവിലെ മലിനിയുടെ സുഹൃത്തുക്കളെ കിന്‍ഡോ ഫോണില്‍ വിളിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നും താനും ജീവനൊടുക്കുമെന്നും അറിയിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ വിവരത്തെ അടിസ്ഥാനമാക്കി റെയില്‍വേ ഇന്‍സ്‌പെക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ മലിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന കിന്‍ഡോയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഇയാള്‍ക്കും പരുക്കേറ്റിരുന്നതിനാല്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്രികയും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഗുവാഹത്തിയില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

മലിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ല. പ്രതിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web