അഫ്ഗാനിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ താലിബാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭ
അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകരെ തടവിലാക്കിയും വാർത്താ സംപ്രേക്ഷണങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം താലിബാൻ തുടരുകയാണെന്ന് യു.എൻ റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ യു.എൻ അസിസ്റ്റന്റ് മിഷന്റെ (UNAMA) പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഖോസ്റ്റ് പ്രവിശ്യയിലെ ലമാർ റേഡിയോയുടെ (Lmar Radio) വിദ്യാഭ്യാസ പരിപാടികൾ താലിബാൻ തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സാധുവായ ലൈസൻസില്ലെന്നാരോപിച്ച് റേഡിയോ ബാമിയാന്റെ (Radio Bamyan) പ്രവർത്തനം ഇന്റലിജൻസ് വിഭാഗം താൽക്കാലികമായി നിർത്തിവെപ്പിച്ചു. പിന്നീട് ആറ് ദിവസങ്ങൾക്ക് ശേഷമാണ് പ്രക്ഷേപണം പുനരാരംഭിച്ചത്. നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് റഹ്-ഇ-ഫർദ ടെലിവിഷൻ (Rah-e-Farda TV) വീണ്ടും സംപ്രേക്ഷണം ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുന്ദുസ്, ഗസ്നി പ്രവിശ്യകളിലെ കുറഞ്ഞത് ഏഴ് റേഡിയോ സ്റ്റേഷനുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ലൈസൻസ് പുതുക്കാനോ പ്രവർത്തനം തുടരാനോ സാധിച്ചില്ല. കാബൂളിലെ ഒരു മാധ്യമ സ്ഥാപനത്തിൽ അതിക്രമം നടത്തിയ താലിബാൻ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ, ക്യാമറകൾ, കമ്പ്യൂട്ടറുകൾ, പ്രധാന രേഖകൾ എന്നിവ പിടിച്ചെടുക്കാൻ ശ്രമിച്ചു. കൂടാതെ മൂന്ന് മാധ്യമപ്രവർത്തകരെ വ്യത്യസ്ത സംഭവങ്ങളിലായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ പിന്നീട് വിട്ടയച്ചു.
സർക്കാർ ജീവനക്കാരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്മേലും നേരത്തെ തന്നെ താലിബാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രാദേശിക വകുപ്പുകൾ ജീവനക്കാരുടെ വ്യക്തിഗത ഫോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.