ആളുമാറി കസ്റ്റഡിയിലെടുത്തു, അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യല്‍; എം.ഡി.എം.എ. കേസില്‍ നിരപരാധിയായ യുവാവിന് നേരെ പോലീസ് അതിക്രമമെന്ന് പരാതി

 
police


തിരുവനന്തപുരം: എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്ക് പണം അയച്ചുനല്‍കിയെന്നാരോപിച്ച് നിരപരാധിയായ യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി. അടൂര്‍ പറക്കോട് സുബൈര്‍ മന്‍സിലില്‍ അഫ്സലിനെയാണ് (28) പാലാരിവട്ടം പോലീസ് ബുധനാഴ്ച (ഒക്ടോബര്‍ 14) രാവിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. അഞ്ചുമണിക്കൂറോളം കസ്റ്റഡിയില്‍ വെച്ചശേഷം, അന്വേഷിക്കുന്നയാള്‍ ഇയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിട്ടയച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് അഫ്സല്‍ വ്യക്തമാക്കി.

2025-ല്‍ പാലാരിവട്ടം പോലീസ് പിടികൂടിയ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്ക് അഫ്സലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 34,000 രൂപ അയച്ചുനല്‍കിയെന്നാണ് പോലീസ് ആരോപിച്ചത്. എന്നാല്‍, അത്തരമൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും പോലീസ് ചെവികൊണ്ടില്ല. വീട്ടില്‍നിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിനിടെ പോലീസിനൊപ്പമുണ്ടായിരുന്ന അടൂര്‍ സ്റ്റേഷനിലെ സി.പി.ഒ. മര്‍ദിക്കുകയും തടയാന്‍ ചെന്ന അമ്മയെ പിടിച്ചുതള്ളുകയും ചെയ്തതായി അഫ്സല്‍ പറഞ്ഞു.


അടൂര്‍ സ്റ്റേഷനിലെത്തിച്ചശേഷം നൂറനാട് ഭാഗത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പോലീസ് അന്വേഷിക്കുന്ന യഥാര്‍ത്ഥ പ്രതിയല്ല അഫ്സലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നൂറനാട് സ്റ്റേഷനിലെത്തിച്ച്, ഉപദ്രവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. അവശനിലയിലായതോടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തില്‍ കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. സമാനപേരുള്ള യഥാര്‍ത്ഥ പ്രതിയെ അന്വേഷിച്ചാണ് പോലീസ് എത്തിയതെന്നാണ് പ്രാഥമിക വിവരം.

Tags

Share this story

From Around the Web