“ഉത്തരവാദിത്തം ഏറ്റെടുക്കൂ, ജീവനെ സംരക്ഷിക്കൂ” ഇറ്റലിയിലെ അസെറ നഗരം സന്ദർശിച്ചശേഷം ലെയോ പാപ്പ
ഇറ്റലിയിൽ മാഫിയ സംഘങ്ങളുടെ നിയമവിരുദ്ധമായ വിഷമാലിന്യ നിക്ഷേപം മൂലം ദുരിതമനുഭവിക്കുന്ന അസെറ (Acerra) നഗരം സന്ദർശിച്ച് ലെയോ പതിനാലാമൻ പാപ്പ. ‘അഗ്നിയുടെ നാട്’ (Land of Fires) എന്നറിയപ്പെടുന്ന ഈ മേഖലയിലെ തദ്ദേശവാസികളെയും മേയർമാരെയും അഭിസംബോധന ചെയ്യവെ, പരിസ്ഥിതി തകർച്ചയ്ക്കും നിസ്സംഗതയ്ക്കുമെതിരെ ഒന്നിച്ച് പോരാടാനും മനുഷ്യന്റെ അന്തസ്സും ജീവനും സംരക്ഷിക്കാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രശസ്തമായ ‘ലൗദാത്തോ സി’ (Laudato si’) പരിസ്ഥിതി വിജ്ഞാപനത്തിന്റെ 11-ാം വാർഷികത്തോടനുബന്ധിച്ചാണ് ലെയോ പാപ്പ ഈ നഗരം സന്ദർശിച്ചത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് തുടരുന്ന വൻതോതിലുള്ള പരിസ്ഥിതി മലിനീകരണവും, അതുമൂലം വർദ്ധിച്ചുവരുന്ന ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളും ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാപ്പയുടെ സന്ദർശനം.
ഇറ്റലിയിലെ വ്യവസായശാലകളിൽ നിന്നുള്ള അപകടകരമായ വിഷമാലിന്യങ്ങൾ ഇറ്റാലിയൻ മാഫിയ സംഘങ്ങൾ നിയമവിരുദ്ധമായി ഈ പ്രദേശത്ത് കൊണ്ടുവന്ന് കത്തിക്കുകയും കുഴിച്ചിടുകയും ചെയ്തതിനെത്തുടർന്നാണ് ഈ പ്രദേശത്തിന് ‘അഗ്നിയുടെ നാട്’ എന്ന പേര് വന്നത്. പരിസ്ഥിതി മലിനീകരണം മൂലം അകാലത്തിൽ രോഗബാധിതരായി മരിച്ച കുട്ടികളുടെയും യുവാക്കളുടെയും കുടുംബാംഗങ്ങളെ പാപ്പ അസെറ കത്തീഡ്രലിൽ വെച്ച് നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. അവരുടെ കണ്ണീരൊപ്പാനാണ് താൻ പ്രധാനമായും എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കേവലം താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം സാമ്പത്തിക, സാമൂഹിക, മതപരമായ മനോഭാവങ്ങളിൽ വലിയ മാറ്റം വരണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ക്രിമിനൽ സ്വാധീനങ്ങളെ ചെറുക്കാനും നീതിയുടെ പാത സ്വീകരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.