രാജ്യം നടുങ്ങുന്ന തുറന്നുപറച്ചിലുമായി തഹാവൂര്‍ റാണ; താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റ്', 26/11 ഭീകരാക്രമണത്തില്‍ പങ്കുണ്ട്'. 2008 മുംബൈ ഭീകരാക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുര്‍ ഹുസൈന്‍ റാണ ആക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ട്. താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലിയിലെ തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ. മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകള്‍ ഉണ്ടായിരുന്നതായി പറഞ്ഞു.
ലഷ്‌കര്‍-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവര്‍ത്തിച്ചുവെന്നും റാണ വെളിപ്പെടുത്തി. തന്റെ സ്ഥാപനത്തിന്റെ ഒരു ഇമിഗ്രേഷന്‍ സെന്റര്‍ മുംബൈയില്‍ തുറക്കാനുള്ള ആശയം തന്റേതായിരുന്നുവെന്നും അതിലെ സാമ്പത്തിക ഇടപാടുകള്‍ ബിസിനസ് ചെലവുകളായാണ് നടത്തിയതെന്നും റാണ പറഞ്ഞു.
26/11 ആക്രമണ സമയത്ത് താന്‍ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വൃത്തങ്ങള്‍ പറയുന്നു.