ടി ജി മോഹൻദാസിന്റെ വിദ്വേഷ പ്രസംഗം, സമൂഹമാധ്യമങ്ങളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ മെറ്റയ്ക്ക് കത്ത് നൽകും

 
tg mohandas

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചും വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്തും വിവാദ പ്രസംഗം നടത്തിയ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. വീഡിയോ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് പൊലീസ് ഔദ്യോഗികമായി കത്ത് നൽകും. അറസ്റ്റ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഈ നീക്കം.

അതേസമയം, കേസിൽ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർനടടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കലാപാഹ്വാനം ഉൾപ്പെടെയുള്ള നാല് ഗൗരവമേറിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്.

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആദ്യം പരാതി നൽകിയതിന് പിന്നാലെ നിരവധി പേരാണ് പൊലീസിനെ സമീപിച്ചത്. സൈബർ സെൽ ഓപ്പറേഷൻസ് ഐ.ജിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നെങ്കിലും, പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത് ഇത് വലിയ ചർച്ചയായിരുന്നു. ജൂലൈ 29-നാണ് കലാപാഹ്വാന കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടത്തത്.

Tags

Share this story

From Around the Web