സീറോമലബാര്‍ സിറിയന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ ഉന്നതപഠനത്തിനും മത്സരപരീക്ഷകള്‍ക്കും അപേക്ഷിക്കാന്‍ തടസം നേരിടുന്നതായി പരാതി

 
study

ചമ്പക്കുളം: സീറോമലബാര്‍ സിറിയന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ ഉന്നതപഠനത്തിനും മത്സരപരീക്ഷകള്‍ക്കും അപേക്ഷിക്കാന്‍ തടസം നേരിടുന്നതായി പരാതി. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റുകളില്‍ സീറോമലബാര്‍ സിറിയന്‍ കാത്തലിക് എന്ന് മാത്രം ചേര്‍ത്തിരിക്കുന്നത് ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും തടസമാകുന്നു.

സീറോമലബാര്‍ സമുദായ അംഗങ്ങളായിട്ടുള്ള സുറിയാനി കത്തോലിക്കരുടെ സമുദായപ്പേര് സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് 2023 ജൂലൈ എട്ടിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈ ഉത്തരവ് ഇറങ്ങിയതിനുശേഷം വിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ പേരിനൊപ്പം ജാതി/ സമുദായം ഇപ്രകാരം ചേര്‍ത്തുവരുന്നുണ്ട്.

ഇതിന് മുന്‍പ് ഈ സമുദായത്തില്‍പെട്ട കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്‌കൂള്‍ രേഖകളിലെല്ലാം റോമന്‍ കാത്തലിക് (ആര്‍സി), റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യന്‍ (ആര്‍സി എസ്സി) എന്നിങ്ങനെ വ്യത്യസ്തമായിട്ടാണ് ചേര്‍ത്തിരുന്നത്.

ഇതാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികളുടെ പ്രവേശനത്തിനും അപേക്ഷ സമര്‍പ്പണത്തിനും തടസമായിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമുദായത്തിന്റെ പേരുമാറ്റം വന്നതോടെ ബന്ധപ്പെട്ട റവന്യു അധികാരികള്‍ ഈ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് സാക്ഷ്യപത്രം നല്കാന്‍ തയാറാകുന്നില്ല.

സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് രേഖപ്പെടുത്തിയ സ്‌കൂള്‍ രേഖകളാണ് സാക്ഷ്യപത്രം നല്‍കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ അപേക്ഷകരോട് ആവശ്യപ്പെടുന്നത്. ഇത് മൂലം ഇഡബ്ല്യുഎസ് സംവരണവും നഷ്ടപ്പെടുന്ന സാഹചര്യമാണ്.
 

Tags

Share this story

From Around the Web