മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധം: സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

 
kontha

കൊച്ചി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധനനിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.

മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകള്‍ ആശാവഹമാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലാപരിധിയില്‍  പോലീസ് ഏതാനും ക്രൈസ്തവവിശ്വാസികള്‍ക്കു നേരെ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്, അവര്‍ ബൈബിള്‍ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു. എന്നാല്‍ യു.പി പോലീസിന്റെ നടപടിയും പ്രോസിക്യുട്ടറുടെ വാദങ്ങളും അലഹബാദ് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം ക്ഷണിച്ചുവരുത്തി.

ബൈബിള്‍ കൈയില്‍ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കുചേര്‍ന്നതോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന്  ഹൈക്കോടതി നിരീക്ഷിച്ചു. മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്തുകൊണ്ട് സിബിസിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയിന്മേല്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്; പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസരംഗത്ത് ഭരണഘടനാ അനുച്ഛേദം 30 പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള  സുപ്രീം കോടതി വിധിയും ഈ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. പ്രമതി എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2014 ല്‍ പുറപ്പെടുവിച്ച വിധി പ്രകാരം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചില വകുപ്പുകള്‍ ന്യൂനപക്ഷ വിദ്യാഭ്യാസ (എയ്ഡഡ്/അണ്‍ എയ്ഡഡ്) സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. എന്നാല്‍ ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമത്തിലെ 12(1)(സി) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലും ബാധകമാക്ക ണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു തള്ളികളയുകയുണ്ടായി.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊ ണ്ടുപോകാനും വിദ്യാലയ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള ന്യൂനപക്ഷ സ്ഥാപനത്തിന്റെ അവകാശത്തിനുമേല്‍ വിദ്യാഭ്യാസ അവകാശ നിയമം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെല്ലാം സുപ്രീം കോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയാണ്.

ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസംരക്ഷിക്കാന്‍ ഭരണ കൂടങ്ങള്‍ പ്രതിജ്ഞാബദ്ധമാകണമെന്നും നീതിപീഠങ്ങള്‍ ഇക്കാര്യത്തില്‍ നിരന്തര ജാഗ്രത പുലര്‍ത്തണമെന്നും ഇതിനു സഹായകരമായ കോടതി വിധികള്‍ സ്വാഗതാര്‍ഹമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web