സീറോ മലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശീര്‍വദിച്ചു
കാക്കനാട്: മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു. സീറോമലബാര്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡില്‍ പങ്കെടുക്കാനെത്തിയ എല്ലാ മെത്രാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സീറോ മലബാര്‍ സഭയുടെ വിശ്വാസപാരമ്പര്യം, ചരിത്രം, ആരാധനാപാരമ്പര്യം, സംസ്‌കാരം, കലാപൈതൃകം എന്നിവ സംരക്ഷിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചത്.
മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിനഡ് പിതാക്കന്മാരും ചേര്‍ന്നാണ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
സഭയുടെ സമ്പന്നമായ പൈതൃകവും ചരിത്രസ്മരണകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിശ്വാസികള്‍ക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഹിസ്റ്റോറിക്കല്‍ ലൈബ്രറിയും ഡിജിറ്റല്‍ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.
മാര്‍ത്തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രഘോഷണ പാരമ്പര്യം മുതല്‍ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയുടെയും വിശ്വാസജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍, പൈതൃകവസ്തുക്കള്‍, ആരാധനോപകരണങ്ങള്‍, കലാസൃഷ്ടികള്‍ തുടങ്ങിയവ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനായി സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയവും സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.
സഭയുടെ ചരിത്രവും പൈതൃകവും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത മ്യൂസിയോളജിസ്റ്റ് ഡോ. ജോണ്‍ ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയം വിഭാവനം ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്.
സീറോമലബാര്‍ സഭയുടെ ചരിത്രവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമായി ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മാറുകയാണ്.
ഹെറിറ്റേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍, ഫാ. ഡോ. ജോബിന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുന്നതാണ്.