ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്‍പതാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23ന്
ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഈ വര്‍ഷം മെയ് 23ന് നടക്കും.
ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഒന്‍പതാമത് തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത്.
തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി എയ്ല്‍സ്‌ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ മിഷന്റെ നേതൃത്വത്തില്‍ ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍ നടന്നുവരുന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
രാവിലെ 11.15ന് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണവും നടക്കും.
തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. എയ്ല്‍സ്‌ഫോര്‍ഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
തീര്‍ത്ഥാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാള്‍ പ്രസുദേന്തിയാകാന്‍ താല്‍പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ. ഷിനോജ് കളരിക്കല്‍ (പില്‍ഗ്രിമേജ് ചീഫ് കോര്‍ഡിനേറ്റര്‍) - 07920690343
ദേവാലയത്തിന്റെ വിലാസം
The Friars, Aylesford Carmelite Priory, Kent ME20 7BX