ബര്‍മിങാമില്‍ മാര്‍ ഔസേപ്പ് അജപാലന ഭവനം സ്വന്തമാക്കിയ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ കൃതജ്ഞത ബലി അര്‍പ്പിച്ചു

ബര്‍മിങ്ഹാം:ബര്‍മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്.
മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭവനം വാങ്ങുന്നതിന് സഹായിച്ചിട്ടുള്ള എല്ലാവരോടും നന്ദിപറയാന്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ റീജ്യണുകളിലും സന്ദര്‍ശിച്ചുവരികയാണ്.
ഈ ഒരു വലിയൊരു ലക്ഷ്യം സാക്ഷാത്കരിച്ച ഈ അവസരത്തില്‍ അതിനു വേണ്ടി സഹായിച്ച എല്ലാവരേയും കാണുകയും നന്ദി പറയുകയും അവര്‍ക്ക് വേണ്ടി ഒരു കൃതജ്ഞതാ ബലി അര്‍പ്പിക്കുകയും ചെയ്യുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
അതില്‍ പ്രകാരം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ ഒക്ടോബര്‍ രണ്ടാം തിയതി ഗ്ലോസ്റ്റര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ വിശുദ്ധ ബലി നടന്നു. വിശ്വാസ സമൂഹത്തിലെ ഏവര്‍ക്കുമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍ സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കി. സഹകരിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു. ഇനിയും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നതായി പിതാവ് പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് റീജ്യണിലെ മുഴുവന്‍ വൈദീകരും പിതാവിനൊപ്പം പങ്കുചേര്‍ന്നു. വിശുദ്ധ കുര്‍ബാനയിലും മീറ്റിങ്ങിലും റീജ്യണുകളിലെ വൈദീകര്‍ സഹകാര്‍മ്മികരായി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ഡയറക്ടര്‍ ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
ബ്രിസ്റ്റോള്‍ റീജ്യണിലെ വിവിധ മിഷനുകളിലെ വൈദീകരായ ഫാ. പോള്‍ ഓലിക്കല്‍ (ബ്രിസ്റ്റോള്‍), മാത്യു പാലരകരോട്ട് (ന്യൂപോര്‍ട്ട്), പ്രജില്‍ പണ്ടാരപറമ്പില്‍ (കാര്‍ഡിഫ്), ക്രിസ്റ്റോള്‍ എരിപറമ്പില്‍ (സ്വാന്‍സി) ജെയ്ന്‍ പുളിക്കല്‍ (സ്വിന്‍ഡന്‍) എന്നീ വൈദീകര്‍ പങ്കെടുത്തു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. മാര്‍ സ്രാമ്പിക്കല്‍ അജപാലനഭവനത്തെ കുറിച്ച് വിശദീകരിക്കുകയും പ്രത്യേകം ഓരോരുത്തര്‍ക്കും നന്ദി പറയുകയും ചെയ്തു. ശേഷം പിതാവിന്റെ സെക്രട്ടറിയും ചാന്‍സലറുമായ ഫാ. മാത്യു പിണക്കാട്ട് അജപാലന ഭവനവുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഭവനം വാങ്ങിയതും ഇനിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ പറ്റിയും അതിന്റെ ചെലവിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇവയുടെ പൂര്‍ത്തീകരണത്തിനായി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. ഏവര്‍ക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.