സീറോ മലബാര്‍ സമുദായ ശക്തീകരണ വര്‍ഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു

 
SYRO MALABAR



കാക്കനാട് : 2026 സീറോമലബാര്‍ സമുദായശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചു കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുന്നതിന് 2025 ജനുവരിയില്‍ ചേര്‍ന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മിഷന്‍ തയ്യാറാക്കിയ, വര്‍ഷാചരണത്തില്‍ നല്‍കേണ്ട പ്രബോധനങ്ങളും പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനം ആഗസ്റ്റ് 26 ചൊവ്വാഴ്ച സിനഡ് സമ്മേളനത്തില്‍ നടത്തപ്പെട്ടു.

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ചിക്കാഗോ രൂപത മുന്‍ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കമ്മിഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ സമുദായശക്തീകരണ കര്‍മ്മപദ്ധതിയുടെ അവതരണം നടത്തി. 2025 സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും 2026 ല്‍ പ്രായോഗിക കര്‍മപരിപാടികളും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടാണ് പദ്ധതി നടത്തപ്പെടുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു.

വര്‍ഷാചരണത്തിന്റെ ക്രമീകരണങ്ങള്‍ വിവരിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ കണ്‍വീനറായും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. സഭാ ചാന്‍സിലര്‍ ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍ കമ്മീഷന്റെ എക്‌സ് ഒഫീഷ്യോ മെമ്പറാണ്.


 

Tags

Share this story

From Around the Web