സീറോമലബാര്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം
കാക്കനാട്: സീറോ മലബാര്‍ സഭയുടെ 34-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി.
സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പങ്കുവച്ച നടത്തിയ ധ്യാനചിന്തകള്‍ സിനഡിന്റെ ആത്മീയ ഒരുക്കത്തിന് വഴികാട്ടിയായി.
തുടര്‍ന്ന് സിനഡ് പിതാക്കന്മാര്‍ ഒരുമിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഔദ്യോഗികമായി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രാര്‍ത്ഥനയിലും പരസ്പര ശ്രവണത്തിലും ദൈവഹിതാന്വേഷണത്തിലുമാണ് സിനഡ് മുന്നോട്ടുപോകേണ്ടതെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
സഭയുടെ ഇന്നത്തെ വെല്ലുവിളികള്‍ക്ക് സുവിശേഷത്തിന്റെ വെളിച്ചത്തില്‍ മറുപടി നല്‍കാന്‍ ആത്മീയവും അജപാലനപരവുമായ നവീകരണം അനിവാര്യമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സീറോമലബാര്‍ സഭ കൂടുതല്‍ പ്രേഷിതാഭിമുഘ്യവും തീക്ഷ്ണതയുമുള്ള സഭയായി മാറണം. സഭയുടെ ദൗത്യം പുതിയ സാഹചര്യങ്ങളിലേക്ക് ധൈര്യപൂര്‍വം വ്യാപിപ്പിക്കുകയും സുവിശേഷം പുതിയ മേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയും വേണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പറഞ്ഞു.
കൃത്രിമബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും സത്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും മേജര്‍ ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയെ ഭയത്തോടെ നിരസിക്കുകയോ വിവേചനരഹിതമായി സ്വീകരിക്കുകയോ ചെയ്യാതെ മനുഷ്യന്റെ നന്മയ്ക്കും സമഗ്രവികസനത്തിനും പൊതുനന്മയ്ക്കും ഉപകരിക്കുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ സഭാംഗങ്ങളെ പരിശീലിപ്പിക്കണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അധ്വാനം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെയും പശ്ചാത്തലത്തില്‍ രാജ്യനിര്‍മാണത്തിലുള്ള സഭയുടെ ഉത്തരവാദിത്വവും എടുത്തുപറയുകയും എല്ലാ പൗരന്മാരുടെയും അന്തസ്സും നീതിയും സമത്വവും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന സമൂഹനിര്‍മാണത്തില്‍ സഭ പ്രതിജ്ഞാബദ്ധയായി തുടരുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഉറപ്പുനല്‍കുകയും ചെയ്തു.
സിനഡിലെ തീരുമാനങ്ങള്‍ വ്യക്തിപരമായ താല്‍പര്യങ്ങളെക്കാള്‍ സഭയുടെ പൊതുനന്മയും കൂട്ടായ വിവേചനവും മുന്‍നിര്‍ത്തിയാകണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.
സിനഡാലിറ്റി എന്നത് അഭിപ്രായങ്ങളുടെ മത്സരമല്ല; പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശത്തില്‍ മെത്രാന്മാര്‍ ഒരുമിച്ച് ദൈവഹിതം അന്വേഷിക്കുന്ന പ്രക്രിയയാണ്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും അവ നടപ്പാക്കുന്നതിലും ഐക്യവും കൂട്ടായ ഉത്തരവാദിത്വവും അനിവാര്യമാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ അന്താരാഷ്ട്ര മതബോധന കൗണ്‍സില്‍ അംഗമായി അഞ്ച് വര്‍ഷത്തേക്ക് നിയമിതനായതില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് സന്തോഷം രേഖപ്പെടുത്തുകയും സാര്‍വത്രിക സഭയുടെ മതബോധന ദൗത്യത്തിന് അദ്ദേഹത്തിന്റെ അജപാലന അനുഭവവും വൈദഗ്ധ്യവും വിലപ്പെട്ട സംഭാവന നല്‍കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും, പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും, മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തെയും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് അനുമോദിക്കുകയും അവരുടെ ശുശ്രൂഷകള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
2026 ജനുവരി 25-ന് നിര്യാതനായ ഗൊരഖ്പൂര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ഡൊമിനിക് കൊക്കാട്ട് സി.എസ്.ടി.യെയും, 2026 ജൂലൈ 19-ന് നിര്യാതനായ രാജ്‌കോട്ട് രൂപതയുടെ എമിരിറ്റസ് മെത്രാന്‍ മാര്‍ ഗ്രിഗറി കരോട്ടെംപ്രേല്‍ സിഎംഐയെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍മ്മിക്കുകയും സുവിശേഷദൗത്യത്തിലും മിഷന്‍ പ്രവര്‍ത്തനങ്ങളിലും ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശുശ്രൂഷയിലും ഇരുവരും നല്‍കിയ സമര്‍പ്പിത സംഭാവനകളെ നന്ദിപൂര്‍വം എടുത്തുപറയുകയും ചെയ്തു.
സിനഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്ന് അടിസ്ഥാന മനോഭാവങ്ങളോടെ മുന്നോട്ടുകൊണ്ടുപോകാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിനഡ് പിതാക്കന്മാരെ ആഹ്വാനം ചെയ്യുകയും സഭയുടെ നന്മയും ദൈവത്തിന്റെ മഹത്വവും മാത്രം ലക്ഷ്യമാക്കി സിനഡല്‍ യാത്ര തുടരണമെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു.