വിശുദ്ധ ദിനങ്ങളിൽ പരീക്ഷകളും മറ്റ് പരിശീലന പരിപാടികളും നിശ്ചയിച്ച സർക്കാർ നടപടിക്കെതിരെ സിറോമലബാർ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

 
Exam

കൊച്ചി: ക്രൈസ്തവർ പവിത്രമായി കരുതുന്ന വിശുദ്ധ ദിനങ്ങളിൽ പരീക്ഷകളും മറ്റ് പരിശീലന പരിപാടികളും നിശ്ചയിച്ച സർക്കാർ നടപടിക്കെതിരെ സിറോമലബാർ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഓശാന ഞായർ, പെസഹാവ്യാഴം, ഈസ്റ്റർ എന്നീ ദിനങ്ങളിൽ ദേശീയതലത്തിലുള്ള പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് സഭ കുറ്റപ്പെടുത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ സർക്കാർ തുടർച്ചയായി അവഗണിക്കുന്നത് ഗൗരവകരമായ വിവേചനമാണ്.

ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആസൂത്രിതമായ നീക്കമായിട്ടാണ് മനസ്സിലാക്കുന്നതെന്നും സഭ വ്യക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

​ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ അടിയന്തരമായി പിന്തിരിയണമെന്ന് സീറോമലബാർ സഭ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. ഡോ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.

ക്രൈസ്തവസമൂഹത്തിൻ്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റ് പരിപാടികളും അടിയന്തിരമായി പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web