മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തില്‍ സീറോമലബാര്‍ സഭ ശക്തമായ പ്രതിഷേധിച്ചു

 
Bajrangdal

കൊച്ചി: സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ മലയാളി കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തില്‍ സീറോമലബാര്‍ സഭ മീഡിയ കമ്മീഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. 

ഓഗസ്റ്റ് 6  ബുധനാഴ്ച  വൈകുന്നേരം ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. 

ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ  ഫാ. ലിജോ നിരപ്പേല്‍, ഫാ. വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.


 ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍  മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് ബുധനാഴ്ച വൈകുന്നേരം  വൈദി കരും കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. 

ആരാധന കഴിഞ്ഞു മടങ്ങിവരുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി  വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയായിരുന്നു. ഇരു വൈദികരുടെയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു.
‘ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കുക.

 ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല’ ഇങ്ങനെ അക്രമികള്‍ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

 സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല എന്നത് നിയമ സംവിധാനങ്ങളെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നതിന്റെ തെളിവാണെന്ന് മീഡിയ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡില്‍ നിയമം കയ്യിലെടുത്തു അഴിഞ്ഞാടിയിട്ടും ഭരണകൂടം  ഒരു നടപടിയും ഇവര്‍ക്കെതിരെ എടുക്കാന്‍ തയ്യാറാ വാത്തതാണ് വീണ്ടു അഴിഞ്ഞാടാനും, ക്രൈസ്തവരെ ആക്രമിക്കാനും പരിവാര്‍ സംഘടനകള്‍ക്ക് ധൈര്യം നല്‍കുന്നത്. 

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിളിലും പരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍മൂലം ജീവിക്കാന്‍ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ്  ക്രൈസ്തവര്‍.


 ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്ന വര്‍ഗീയ സംഘങ്ങള്‍ ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്ന് മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web