സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ മാഗ്‌നിഫിക്ക ഹ്യുമാനിത്താസിനെ കുറിച്ച് വെബ്ബിനാര്‍
കാക്കനാട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (AI) ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തില്‍ മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച പ്രഥമ ചാക്രികലേഖനമായ 'മാഗ്‌നിഫിക്ക ഹ്യൂമാനിത്താസിനെക്കുറിച്ച് സീറോമലബാര്‍ സഭയുടെ മീഡിയ കമ്മീഷനും ഡോക്ടറിനല്‍ കമ്മീഷനും സംയുക്തമായി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 20 ശനിയാഴ്ച രാത്രി 8:30 മുതല്‍ 9:30 വരെയുള്ള സമയത്താണ് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് വെബ്ബിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യന്റെ അന്തസ്സും ധാര്‍മ്മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും, സാങ്കേതികവിദ്യ കേവലം ലാഭേച്ഛയ്ക്കപ്പുറം മനുഷ്യനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കണമെന്ന മാര്‍പ്പാപ്പയുടെ പ്രബോധനവും വെബ്ബിനാറില്‍ ചര്‍ച്ചയാകും. മെത്രാന്മാര്‍, ദൈവശാസ്ത്രജ്ഞര്‍, അല്മയര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, സന്ന്യസ്തര്‍, സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തമാണ് വെബ്ബിനാറില്‍ പ്രതീക്ഷിക്കുന്നത്.
ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍, പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ റെവ. ഡോ. സജി കണയങ്കല്‍ എന്നിവര്‍ ചാക്രികലേഖനത്തിന്റെ വിവിധ വശങ്ങളെ അധികരിച്ചു വെബ്ബിനാര്‍ നയിക്കും. തലശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ഷംഷാബാദ് അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ വെബ്ബിനാറില്‍ സംസാരിക്കും.
ആഗോള സഭയുടെ സമകാലിക പ്രബോധനങ്ങളെ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്ബിനാര്‍ ഒരുക്കിയിരിക്കുന്നത്. സീറോമലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, എന്നിവര്‍ വെബ്ബിനാറിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.