മുനമ്പം പ്രശ്നത്തില്‍ തീരുമാനം നീളുന്നതില്‍ ആശങ്കയെന്ന് സിറോ മലബാര്‍ സഭ ! വഖഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമല്ലെന്ന കാര്യം നിരാശയുണ്ടാക്കുന്നുവെന്നും സഭ

 
syro malabar diocese


കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് സിറോ മലബാര്‍ സഭ. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാണ് ചില പാര്‍ട്ടികള്‍ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലര്‍ക്കെതിരെ വൈകാരികമായ പ്രതികരിച്ചതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.

നിയമപോരാട്ടത്തിന് പിന്തുണ നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. കാത്തിരിക്കാന്‍ തയ്യാറാണ്. പക്ഷേ വേഗത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സിറോ മലബാര്‍ സഭാ വക്താവ് ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ഇക്കാര്യത്തില്‍ തങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല. സംസ്ഥാന സര്‍ക്കാരും ക്രിയാത്മകമായി ഇടപെടണം. 

വഖഫ് ട്രൈബ്യൂണലിന്‍മേല്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഉപയോഗിക്കണം. ഭേദഗതിക്ക് മുന്‍കാല പ്രാബല്യം ഉണ്ടാവേണ്ടതായിരുന്നു. അതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സഭാ വക്താവ് പറഞ്ഞു.

മുനമ്പത്ത് മാസങ്ങളായി സമരം നടത്തുന്ന ആളുകള്‍ ചിലപ്പോള്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടാവാം. അത് ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ കാണരുത്. 

സഭ ഇതില്‍ രാഷ്ട്രീയം കാണുന്നില്ല. വഖഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമല്ലെന്ന കാര്യം നിരാശയുണ്ടാക്കുന്നതാണ്. നിയമപോരാട്ടത്തില്‍ പുതിയ ഭേദഗതി സഹായകമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Tags

Share this story

From Around the Web