മദ്യനയത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ, തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് മാർ ജോസഫ് പാംപ്ലാനി

 
23333

കൊച്ചി: സംസ്ഥാന ബജറ്റിലെ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ. വീര്യം കുറഞ്ഞ മദ്യം എന്ന പേരിൽ സംസ്ഥാനത്ത് മദ്യം സുലഭമാക്കാനുള്ള സർക്കാർ നീക്കം ഒട്ടും സ്വീകാര്യമല്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്ന ജാഗ്രതയെ അട്ടിമറിക്കുന്നതാണ് പുതിയ മദ്യനയമെന്ന് അദ്ദേഹം വിമർശിച്ചു. “വീര്യം കുറഞ്ഞത് എന്ന പേരിൽ മദ്യം എല്ലാവരിലേക്കും എത്തിക്കാനുള്ള തീരുമാനം ദുഃഖകരമാണ്. സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളെ ഈ തീരുമാനം പിന്നോട്ടടിക്കും.”

മുൻ സർക്കാർ സ്വീകരിച്ച തെറ്റായ മദ്യനയങ്ങളെ അതേപടി പിന്തുടരരുതെന്നും, ആ നയങ്ങളുടെ മറവിൽ മദ്യമൊഴുക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യനയത്തെ വിമർശിക്കുമ്പോഴും, ബജറ്റിലെ കാർഷിക മേഖലയിലുള്ള പ്രഖ്യാപനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. റബ്ബറിന്റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തിയത് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന നടപടിയാണെന്ന് മാർ പാംപ്ലാനി ചൂണ്ടിക്കാട്ടി.

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആശങ്കകളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ആദരണീയനായ വ്യക്തിയാണെന്നും, നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്ത് ഒന്നിച്ച് കൊണ്ടുപോകാൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും മാർ പാംപ്ലാനി വ്യക്തമാക്കി.

മദ്യനയം അടക്കമുള്ള വിവാദ വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായിരിക്കെ, മതനേതൃത്വത്തിൽ നിന്നുണ്ടായ ഈ പരസ്യവിമർശനം സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web