സീറോമലബാര്‍ വിശ്വാസികള്‍ പൈതൃകം നഷ്ടപ്പെടുത്തരുതെന്ന് മാര്‍ റാഫേല്‍ തട്ടില്‍

കാഞ്ഞിരപ്പള്ളി: അനുദിന പ്രാര്‍ത്ഥനയും അനുദിന ബലിയര്‍പ്പണവുമെന്ന പൈതൃകം സീറോമലബാര്‍ സഭാവിശ്വാസികള്‍ നഷ്ടപ്പെടുത്തരുതെന്ന് സീറോമലബാര്‍ സഭമേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ദേവാലയ ദ്വിശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയോട് ചേര്‍ന്ന് മാര്‍ത്തോമായുടെ മാര്‍ഗത്തില്‍ നടന്ന് കര്‍ത്താവിനെ ധീരതയോടെ പ്രഘോഷിക്കുവാന്‍ കഴിയണം.
വിശ്വാസം ജീവിതത്തിന്റെ താളക്രമം ആണെന്നും വിശ്വാസ മാര്‍ഗത്തില്‍ ചലിക്കുന്നവരാണ് ക്രൈസ്തവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറിവ് വര്‍ധിച്ചപ്പോള്‍ തിരിച്ചറിവ് നഷ്ടപ്പെട്ടു പോയോ എന്ന് സംശയിക്കുന്നതായി മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശേരി, മുന്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ബേബി മുള്ളൂര്‍പ്പറമ്പില്‍ എസ്.ജെ, സിഎംസി കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ളി, മാതൃവേദി പ്രതിനിധി മെറീന ടോമി കാവുങ്കല്‍, സണ്‍ഡേ സ്‌കൂള്‍ പ്രതിനിധി ജോസഫ് മാത്യു പതിപ്പള്ളി, എസ്എംവൈഎം പ്രതിനിധി ഷോണ്‍ മുണ്ടാട്ടുചുണ്ടയില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോസ് എള്ളൂക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.