സിറിയയില്‍ ഇടവക ദൈവാലയവും 38 ക്രൈസ്തവഭവനങ്ങളും അഗ്‌നിക്കിരയാക്കി

 
as srava

ഡമാസ്‌ക്കസ്: തെക്കന്‍ സിറിയയിലെ ചെറു ഗ്രാമമായ അസ്-സവ്ര അല്‍-കബീറയിലെ ദൈവാലയവും 38 ക്രൈസ്തവ ഭവനങ്ങളുംഅഗ്‌നിക്കിരയാക്കിയതായി ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് കാത്തലിക്ക് കള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തു. 

മെല്‍ക്കൈറ്റ് കത്തോലിക്കാ ഇടവകയായ സെന്റ് മൈക്കിള്‍ ദൈവാലയമാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയതെന്ന്  എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്തു.

 ഭവനരഹിതരായ ക്രിസ്ത്യാനികള്‍ അടുത്തുള്ള ചെറു നഗരമായ ഷഹ്ബയില്‍ അഭയം തേടിയിരിക്കുകയാണ്. അവിടെ 'അപകടകരമായ സാഹചര്യങ്ങളില്‍' ഒരു ദൈവാലയ ഹാളിലാണ് താമസിക്കുന്നത്.

അക്രമികള്‍ തങ്ങളുടെ ജീവിതത്തിനാണ് തീയിട്ടതെന്ന് ഇടവക വികാരി ഫാ. ബട്രസ് അല്‍-ജട്ട് പറഞ്ഞു. 'ഈ ദൈവാലയം കല്ലുകള്‍ കൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വാസത്താലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന വിശ്വാസം. ഞങ്ങള്‍ അത് പുനര്‍നിര്‍മിക്കും,' ഫാ. ബട്രസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. സിറിയന്‍ സൈന്യവും ഡ്രൂസ് വിമതസൈന്യവും തമ്മില്‍ സമീപകാലത്ത് ഏറ്റുമുട്ടലുകള്‍ നടന്ന സുവൈദ ഗവര്‍ണറേറ്റിലാണ് അക്രമത്തിനിരയായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 

ജൂണ്‍ 22-ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ  ഗ്രീക്ക് ഓര്‍ത്തഡോക്സ് ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടുമുണ്ടായിരിക്കുന്ന ഈ ആക്രമണം പുതിയ ഭരണകൂടത്തിന്‍കീഴില്‍ സിറിയന്‍ ക്രൈസ്തവര്‍ സുരക്ഷിതരല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

Tags

Share this story

From Around the Web