സ്വിറ്റ്‌സര്‍ലണ്ടിന്റെ രാഷ്ട്രപതി ലിയൊ പതിനാലാമന്‍ പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍സിറ്റി:സ്വിറ്റ്‌സര്‍ലണ്ടിന്റെ രാഷ്ട്രപതി കെറിന്‍ കെല്ലെര്‍ സട്ടെറിനെ ലിയൊ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നത്.
ഈ കൂടിക്കാഴ്ചാനന്തരം ശ്രീമതി സട്ടെര്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ എന്നിവരുമായും സംഭാഷണം നടത്തി.
സ്വിസ് കാവഭടന്മാര്‍ ഉദാരമായും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തോടുകൂടിയും ഏകുന്ന സേവനവും പരിശുദ്ധസിംഹാസനവും സ്വിറ്റ്‌സര്‍ലണ്ടും തമ്മിലുള്ള മെച്ചപ്പെട്ടതും ഫലപ്രദവുമായ ഉഭയകക്ഷിബന്ധങ്ങളും ഈ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെടുകയും സന്തുഷ്ടി പ്രകടപ്പിക്കപ്പെടുകയും ചെയ്തു.
ഉക്രൈയിന്‍, ഗാസ എന്നിവിടങ്ങളിലെ യുദ്ധത്തിന് അറുതിവരുത്തുക ഉള്‍പ്പടെയുള്ള അന്താരാഷ്ട്രപ്രാധാന്യമുള്ളതും പൊതുതാല്പര്യമുള്ളതുമായ കാര്യങ്ങളും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശ വിഷയങ്ങളായി.
പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താകാര്യാലയത്തിന്റെ പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങള്‍ നല്കിയത്.