സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കണം.മുഖ്യമന്ത്രിക്കു മുന്നില്‍ ആവശ്യവുമായി എത്തി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി റന ഫാത്തിമ
മുക്കം: പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികള്‍ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത് തടയാന്‍
സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി റന ഫാത്തിമ. മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനെയും നേരില്‍ കണ്ട് റന തന്റെ ആവശ്യം അറിയിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലം എം.എ.ല്‍.എ സി.കെ. കാസിമിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. മൂന്നാം വയസുമുതല്‍ തോട്ടുമുക്കം ചെറുപുഴയിലൂടെ നിഷ്പ്രയാസം നീന്തിക്കയറിയ റനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ കൊച്ചു മിടുക്കിയുടെ നീന്തല്‍ വൈഭവമറിഞ്ഞ രാഹുല്‍ ഗാന്ധി നേരിട്ടെത്തി പ്രശംസിച്ചിട്ടുമുണ്ട്. മുക്കം നഗരസഭയുടെ 'നീന്തിവാ മക്കളേ' എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് റന. റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും മൂത്ത മകളായ റനക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.