കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ല, തീരുമാനത്തിന് നിയമസാധുതയില്ലെന്ന് വി.സി സിസ തോമസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി താത്ക്കാലിക വിസി ഡോ. സിസ തോമസ്.
റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും സിസ തോമസ് പ്രതികരിച്ചു.
സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട ശേഷമാണ് സസ്പെന്‍ഷന്‍ റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തത്. റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ വിഷയം പ്രമേയമായി അവതരിപ്പിച്ചപ്പോഴെ താന്‍ യോഗം പിരിച്ചുവിട്ട് താന്‍ ഇറങ്ങിപ്പോയതാണ് അതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്നും അവര്‍ പറഞ്ഞു.
രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാകില്ല. സസ്‌പെന്‍ഷന്‍ തുടരും.
വിസിയുടെ അസാന്നിധ്യത്തില്‍ എടുക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ല. തന്റെ
അസാന്നിധ്യത്തില്‍ നടക്കുന്നത് സിന്‍ഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങള്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.