സംശയം, പാനൂരിൽ ജീവനൊടുക്കിയ ആദിത്യയെ മർദിച്ചിരുന്നുവെന്ന് സമ്മതിച്ച് ആൺസുഹൃത്ത് ശരൺ
കണ്ണൂർ: പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ആദിത്യയെ മർദിച്ചെന്ന് സമ്മതിച്ച് ആൺസുഹൃത്ത് ശരൺ. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ സംശയം പ്രകടിപ്പിച്ചാണ് ശരൺ മർദിച്ചത്. ശരൺ ആദിത്യയെ തലശേരി ബസ് സ്റ്റാൻഡ് പരിസരിത്ത് വച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ജീവനൊടുക്കാൻ കാരണം ശരൺ ആദിത്യയെ കുറിച്ച് ബന്ധുക്കൾക്ക് മോശം സന്ദേശങ്ങൾ അയച്ചതിനാലെന്നും പൊലീസ് അറിയിച്ചു.
ജീവനൊടുക്കാൻ ശ്രമിച്ച വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആൺസുഹൃത്ത് ശരൺ ആദിത്യയെ മർദിച്ചിരുന്നുവെന്നും അടിച്ചതിന്റെ മനോവിഷമമാണ് കാരണമെന്നും കുടുംബം ആരോപിച്ചിരുന്നു. ആൺസുഹൃത്ത് അടിച്ചതായി ആദിത്യ അമ്മയോട് പറഞ്ഞിരുന്നുവെന്നും കുടുംബം പറഞ്ഞു.
ആദിത്യയുടെ കൈയിൽ ശരൺ മർദിച്ചതിൻ്റെ പാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കുടുംബത്തിൻ്റെ പരാതിയിലാണ് ആൺസുഹൃത്തിനെതിരെ കേസെടുത്തത്.