സുഷ്മിത ദേവിന്റെ ലുങ്കിവാല പരാമർശം രാജ്യസഭയിൽ വിവാദമായി, സഭയിൽ നാടകീയ രംഗങ്ങളും ബഹളവും

 
09999

ദില്ലി: ജോൺ ബ്രിട്ടാസ് എം.പിയെ തൃണമൂൽ കോൺഗ്രസ് അംഗം സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ച് അപമാനിച്ചെന്ന വിഷയത്തിൽ രാജ്യസഭയിൽ കടുത്ത പ്രതിഷേധം. സഭയിൽ വിഷയം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും, എന്നാൽ ഒപ്പമുള്ള അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തുകയും 'ലുങ്കിവാല' എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

വിഷയത്തിൽ പ്രതികരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജു, സഭയിലെ എല്ലാ അംഗങ്ങളും തുല്യരാണെന്നും പ്രാദേശികമായോ സ്ഥലഭേദങ്ങളോ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. എന്നാൽ സുഷ്മിത ദേവിനും ചില പരാതികളുണ്ടെന്നും അതും കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടയിൽ ജോൺ ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ ചെയർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വെച്ചു. ഇതിനിടയിൽ സുഷ്മിത ദേവ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുടെ അരികിലെത്തി തന്റെ ഭാഗം വിശദീകരിക്കുകയും പരാതി പറയുകയും ചെയ്തു. ഭരണ-പ്രതിപക്ഷ നിരകളുടെ വാദപ്രതിവാദങ്ങളെ തുടർന്ന് സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കനത്ത ബഹളത്തെ തുടർന്ന് രാജ്യസഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു.

Tags

Share this story

From Around the Web