ആളുകളെ ആക്ഷേപിക്കുന്ന പരിപാടിയായി മാറിയ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം: ‘അപമാനിതയായതിൽ വിഷമമുണ്ട്’: ആനന്ദവല്ലി

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ കലുങ്ക് സംവാദത്തിനിടെ അപമാനിതയായതിൽ വിഷമമുണ്ടെന്ന് പൊറുത്തുശ്ശേരി സ്വദേശി ആനന്ദവല്ലി. നല്ല മറുപടി ലഭിക്കാത്തതിൽ വലിയ വിഷമമുണ്ട്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചതെന്നും ആനന്ദവല്ലി പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ആളുകളെ ആക്ഷേപിക്കുന്ന പരിപാടിയായി മാറിയെന്ന് സിപിഐ എം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു.
ഇരിങ്ങാലക്കുട പൊറുത്തുശ്ശേരി കണ്ടാരത്തറ മൈതാനത്ത് നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ആനന്ദവല്ലി സുരേഷ് ഗോപിയോട് സഹായം ചോദിച്ചത്.
എന്നാൽ, സുരേഷ് ഗോപിയുടെ മറുപടി വിവാദമായതോടെയാണ് പ്രതികരണവുമായി ആനന്ദവല്ലി രംഗത്തു വന്നത്.
മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്. പക്ഷേ, അദ്ദേഹത്തിൽ നിന്ന് ലഭിച്ച മറുപടി വലിയ വിഷമമുണ്ടാക്കി. സുരേഷ് ഗോപി ഒരു നല്ല വാക്കുപോലും പറഞ്ഞില്ലെന്നും ആനന്ദവല്ലി പറയുന്നു.
കലുങ്ക് സംവാദം ആളുകളെ ആക്ഷേപിക്കുന്ന പരിപാടിയായി മാറിയെന്നും ജനപ്രതിനിധിക്ക് ചേർന്ന നടപടിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സിപിഐ എം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു.
ഇ ഡി കണ്ടുകെട്ടിയ ബാങ്കിലെ പണം വിതരണം ചെയ്യാൻ നിയമപരമായി തടസ്സമുണ്ടെന്നും പിടിച്ചെടുത്ത പണത്തിന്റെ ഉടമകൾ കേസുകളുമായി മുന്നോട്ടു പോവുകയാണന്നും ഇത് തീർപ്പാകാതെ പണം വിതരണം ചെയ്താൽ തിരിച്ചടിയാകാൻ സാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.