എബിസി ചട്ടങ്ങളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നതിനൊപ്പം വിമര്‍ശനവും ആണ് സുപ്രീംകോടതി ഉന്നയിച്ചത്: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം:ദില്ലിയിലെ തെരുവുനായ ശല്യത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. എബിസി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല. ഇതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നതിനൊപ്പം വിമര്‍ശനവും ആണ് സുപ്രീംകോടതി ഉന്നയിച്ചത്.
തെരുവ് നായകളെ വന്ദ്യംകരിച്ച് പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ടുവിടണം എന്നത് അപ്രായോഗികം ആണ്. അങ്ങനെ ചെയ്യുന്നത് എന്തിനെന്ന് കോടതി തന്നെ ചോദിച്ചു.
വന്ധ്യംകരണം തെരുവ്‌നായകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. പട്ടി കടി എന്ന പ്രശ്‌നം ഇല്ലാതാകുന്നില്ല എന്ന് പറഞ്ഞത് കേന്ദ്രത്തിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. തെരുവ് നായ പ്രശ്‌നം കേരളത്തിന്റേത് മാത്രമാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.
രാജ്യ തലസ്ഥാനത്തിന്റെ പ്രശ്‌നത്തിലാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടിരിക്കുന്നത്. കേരളം വളരെ നേരത്തെ തന്നെ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയതാണ്. അന്ന് എബിസി ചട്ടത്തിന്റെ പേര് പറഞ്ഞ് കേരളം അനങ്ങാതിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. തെരുവ്‌നായകളുടെ ദയാവധം പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ശത്രു രാജ്യത്തെ നേരിടാന്‍ നമുക്ക് പ്രയാസമില്ല. തെരുവ് പട്ടികളെ നേരിടാനാണ് പ്രയാസം. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടിവന്നത്. കടിക്കുന്ന പട്ടിയോടൊപ്പം സര്‍ക്കാരിനെ കടിക്കുകയും കടി കൊള്ളുന്ന ഇരയോടൊപ്പം കരയുകയും ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെ മാത്രമേ വിഷയത്തില്‍ കേള്‍ക്കൂ എന്നാണ് നിലവില്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു.