നിമിഷപ്രിയ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:നിമിഷപ്രിയ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി. മോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിമിഷയുടെ വശധിക്ഷ മരവിപ്പിച്ചതടക്കം കാര്യങ്ങളും കോടതിയെ അറിയിച്ചു.
കോടതിയില്‍ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജി എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
നിമിഷപ്രിയയുടെ വധശിക്ഷ 2025 ജൂലൈ 16 നാണ് താത്കാലികമായി നിര്‍ത്തിവച്ചതായുള്ള അറിയിപ്പ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന് മെഹ്ദി കത്ത് കൈമാറിയിരുന്നു. എല്ലാ മധ്യസ്ഥ ചര്‍ച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തില്‍ പറയുന്നുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് കത്തിന്റെ പകര്‍പ്പ് മെഹ്ദി പങ്കുവച്ചത്.